Site iconSite icon Janayugom Online

കോടികളുടെ തട്ടിപ്പ് കേസ്: സംവിധായകൻ വിക്രം ഭട്ടിനും ഭാര്യയ്ക്കും സുപ്രീം കോടതി ജാമ്യം അനുവദിച്ചു

തട്ടിപ്പ് കേസില്‍ പ്രശസ്ത ചലച്ചിത്ര സംവിധായകൻ വിക്രം ഭട്ടിനും ഭാര്യ ശ്വേതാംബരി ഭട്ടിനും സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഇന്ദിര ഐ വി എഫ് ഉടമ അജയ് മുർദിയയുടെ പരേതയായ ഭാര്യയുടെ ബയോപിക് നിർമ്മാണവുമായി ബന്ധപ്പെട്ട കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസിലാണ് കോടതി നടപടി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് രാജസ്ഥാൻ ഹൈക്കോടതിയുടെ വിധി റദ്ദാക്കിക്കൊണ്ട് ഇരുവർക്കും ജാമ്യം നൽകിയത്.

ഈ കേസ് അടിസ്ഥാനപരമായി ഒരു വാണിജ്യ ഇടപാടിൽ നിന്നുള്ള തർക്കമാണെന്ന് കോടതി നിരീക്ഷിച്ചു. എഫ് ഐ ആറിൽ വഞ്ചനാക്കുറ്റം അടക്കമുള്ളവ ചേർത്തിട്ടുണ്ടെങ്കിലും, മധ്യസ്ഥതയിലൂടെ പ്രശ്നം പരിഹരിക്കാനാണ് കക്ഷികൾ ശ്രമിക്കേണ്ടതെന്ന് കോടതി നിർദ്ദേശിച്ചു. ഇതിനായി സുപ്രീം കോടതി മീഡിയേഷൻ സെന്ററിൽ ഹാജരാകാൻ ഇരുവിഭാഗത്തോടും ബെഞ്ച് ആവശ്യപ്പെട്ടു. തർക്കം രമ്യമായി പരിഹരിക്കാൻ ശ്രമിക്കുമെന്ന പ്രതീക്ഷയിലാണ് ജാമ്യം അനുവദിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

ഭാര്യയുടെ ജീവിതകഥ സിനിമയാക്കാമെന്നും ഉയർന്ന ലാഭം നൽകാമെന്നും വിശ്വസിപ്പിച്ച് വിക്രം ഭട്ടും ഭാര്യയും ചേർന്ന് തന്നിൽ നിന്ന് 30 കോടിയിലധികം രൂപ നിക്ഷേപമായി കൈപ്പറ്റിയെന്നാണ് അജയ് മുർദിയയുടെ പരാതി. എന്നാൽ സിനിമ പൂർത്തിയായില്ലെന്നും പണം തിരികെ ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. കഴിഞ്ഞ ഡിസംബറിലാണ് മുംബൈയിൽ നിന്ന് രാജസ്ഥാൻ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

Exit mobile version