Site iconSite icon Janayugom Online

ഇടുക്കി ടൂറിസത്തെ ഉണർത്താൻ കോടികളുടെ പദ്ധതി; മൂന്നാര്‍ പുഷ്പമേള ഇനി എല്ലാവര്‍ഷവും

ഇടുക്കിയിലെ ടൂറിസം മേഖലയ്ക്ക് ഉണർവ്വ് പകരാൻ കോടികളുടെ വികസന പദ്ധതി. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ ആമപ്പാറയും രാമക്കൽമേടും അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലടക്കം പതിനെട്ട് കോടിയുടെ വികസന പദ്ധതികളാണ് നടപ്പിലാക്കുക. കൂടാതെ മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനെ അന്താരാഷ്ട്ര ഡെസ്റ്റിനേഷനാക്കി ഉയർത്താനും പദ്ധതിയുണ്ട്.

ഇടുക്കിയുടെ വിനോദ സഞ്ചാര മേഖലയ്ക്ക് പ്രാധാന്യം നൽകുന്ന തരത്തിലുള്ള പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത്. കോവിഡിനെ തുടർന്ന് ജില്ലയിൽ നിലച്ചിരുന്ന വിവിധ പദ്ധതികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചിട്ടുണ്ട്.

പതിനെട്ട് കോടിയുടെ വികസന പ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് മൂന്നാറിന്റെ കുളിരു തേടിയെത്തുന്ന സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ബൊട്ടാണിക്കൽ ഗാർഡന്റെ വികസനമാണ്. മൂന്ന് കോടിയുടെ വികസന പദ്ധതിയാണ് ഇവിടെ മാത്രം നടപ്പിലാക്കാനൊരുങ്ങുന്നത്.

മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ അന്താരാഷ്ട്ര ഡെസ്റ്റിനേഷനാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും ഡിടിപിസി സെക്രട്ടറി ജിദേഷ് വ്യക്തമാക്കി. മൂന്നാറിൽ എല്ലാവർഷവും മുടങ്ങാതെ സഞ്ചാരികളെ ആകർഷിക്കുന്നതിനായി പുഷ്പമേള സംഘടിപ്പിക്കാനും ടൂറിസം കലണ്ടറിൽ ഉൾപ്പെടുത്താനുമാണ് ഡിടിപിസിയുടെ ശ്രമം.

ഇതോടൊപ്പം മലയോരത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ രാമക്കൽ മേടിനോട് ചേർന്ന് കിടക്കുന്ന ആമപ്പാറ ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾക്കായി 96 ലക്ഷം രൂപയും ചിലവഴിക്കും.

പാറയിടുക്കൾക്ക് ഇടയിലൂടെ സുരക്ഷിതമായ ട്രക്കിംഗ് അടക്കം ആരംഭിച്ച് ആമപ്പാറയിലെത്തുന്ന സഞ്ചാരികൾക്ക് വ്യത്യസ്തമായ അനുഭവം പകർന്ന് നൽകുന്ന പദ്ധതികളാകും നടപ്പിലാക്കുക. നിലവിൽ ജില്ലയിലെമ്പാടും നടന്നുവരുന്ന വിവിധ പദ്ധതികൾ പൂർത്തിയാകുന്നതോടെ ഇടുക്കിയുടെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ്വുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഡിറ്റിപിസി.

Eng­lish sum­ma­ry; Crore project to revive Iduk­ki tourism; The Munnar Flower Fes­ti­val is held on every year

You may also like this video;

Exit mobile version