Site iconSite icon Janayugom Online

കോടികളുടെ തട്ടിപ്പ്: അനന്തു കൃഷ്ണന് കോണ്‍ഗ്രസ്, ബിജെപി നേതാക്കളുമായി ബന്ധം

സിഎസ്ആര്‍ ഫണ്ടിന്റെ മറവിൽ ശതകോടികള്‍ തട്ടിപ്പ് നടത്തിയ അനന്തു കൃഷ്ണന് ബിജെപിയിലെയും കോണ്‍ഗ്രസിലെയും ഉന്നത നേതാക്കളുമായി ബന്ധമെന്ന് പൊലീസ്. കൂട്ടു പ്രതികൾ ഉന്നത ബന്ധമുള്ള രാഷ്ട്രീയ നേതാക്കളാണ്. 

അനന്തു കൃഷ്ണന് കേരളത്തിന് പുറത്ത് ബിനാമി പേരിൽ സ്വത്തുക്കളുണ്ടെന്നും തട്ടിയെടുത്ത പണം ധനകാര്യ സ്ഥാപനങ്ങളിൽ നിക്ഷേപിച്ചുവെന്നും കസ്റ്റഡി അപേക്ഷയിൽ പറയുന്നു. രണ്ട് കേസുകളിൽ കൂടി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
സാധാരണക്കാരെ പറ്റിച്ച് അനന്തു കൃഷ്ണൻ സമ്പാദിച്ച കോടികൾ പ്രധാനമായും നിക്ഷേപിച്ചത് ഭൂമി വാങ്ങിക്കൂട്ടാനാണ്. സഹോദരിയുടെയും അമ്മയുടെയും സഹോദരീഭർത്താവിന്റെയും പേരിൽ കോടിക്കണക്കിന് രൂപ വിലവരുന്ന ഭൂമിയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും കർണാടകയിലുമായി വാങ്ങിയത്. തട്ടിപ്പ് പണം ഉപയോഗിച്ച് വാങ്ങിയ ഭൂമി കണ്ടുകെട്ടാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. അനന്ത കൃഷ്ണൻ ജയിലിൽ പോയതിന് പിന്നാലെ അമ്മയും സഹോദരിയും വീടുപൂട്ടി മുങ്ങുകയും ചെയ്തു. 

പകുതി വിലയ്ക്ക് സ്കൂട്ടറും ഗൃഹോപകരണങ്ങളും കൊടുക്കാമെന്ന് വാഗ്ദാനം നൽകിയാണ് കോടിക്കണക്കിന് രൂപ സ്വന്തമാക്കിയത്. സഹോദരിയുടെ വീടിനു മുന്നിൽ 13 സെന്റ് സ്ഥലവും തൊട്ടടുത്തുതന്നെ ഒരേക്കർ റബ്ബർ തോട്ടവും, 33 സെന്റ് ഭൂമിയും വാങ്ങിയിട്ടുണ്ട്. പാലാ നഗരത്തിൽ കോടികൾ വിലവരുന്ന 40 സെന്റ് ഭൂമി അമ്മയുടെ പേരിൽ നേടി. പാലക്കാട് തെങ്ങിൻ തോട്ടവും, കർണാടകത്തിൽ മുന്തിരിത്തോട്ടവും തട്ടിപ്പ് പണം ഉപയോഗിച്ചു വാങ്ങി. പുറമേ കാറുകളും ബൈക്കുകളും വാങ്ങിക്കൂട്ടിയിരുന്നു. ഇതിൽ മൂന്ന് കാറുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു.

19 അക്കൗണ്ടുകളിലൂടെയാണ് തട്ടിപ്പ് പണം കൈകാര്യം ചെയ്തിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുകയാണ്.

Exit mobile version