രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന് മുമ്പേ അധ്യക്ഷ സ്ഥാനം രാജിവെച്ച് ഗുജറാത്ത് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍. ഗുജറാത്ത് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായ വിശ്വനാഥ്‌സിങ് വഗേലയാണ് രാജിവെച്ചത്.രാഹുല്‍ ഗാന്ധിയുടെ ഗുജറാത്ത് സന്ദര്‍ശനത്തിന് തൊട്ടുമുമ്പാണ് വഗേല രാജിവെച്ചത്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും അദ്ദേഹം രാജിവെച്ചിട്ടുണ്ട്. പുതിയ അധ്യക്ഷനെയും പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.
ഹര്‍പാല്‍സിന്‍ ചുദാസാമ ആണ് ഗുജറാത്ത് യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷന്‍. രാജിക്ക് പിന്നാലെ വഗേലക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. വഗേല സ്വന്തം നേട്ടങ്ങള്‍ മാത്രമായിരുന്നു പ്രതീക്ഷിച്ചതെന്നും പാര്‍ട്ടിയുടെ വളര്‍ച്ചയായിരുന്നില്ല അദ്ദേഹത്തിന്റെ പ്രഥമ പരിഗണനയെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.തിങ്കളാഴ്ച ഗുജറാത്തിലെ ബൂത്ത് ലെവല്‍ പ്രവര്‍ത്തകരുടെ പരിവര്‍ത്തന്‍ സങ്കല്‍പ് എന്ന പരിപാടിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കാനിരിക്കെയാണ് വഗേലയുടെ അപ്രതീക്ഷിത രാജി.
അതേസമയം, കോണ്‍ഗ്രസിലെ ഗ്രൂപ്പിസമാണ് തന്റെ രാജിക്ക് പിന്നിലെന്നാണ് വഗേലയുടെ പ്രതികരണം. താന്‍ വഹിച്ചിരുന്ന സ്ഥാനത്തിന് വേണ്ടി പണം നല്‍കേണ്ടി വന്നെന്നും അദ്ദേഹം രാജിക്കത്തില്‍ പരാമര്‍ശിച്ചതായി ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ട്ടിക്ക് വേണ്ടി 1.70 കോടി രൂപ പിരിച്ചെടുത്തതിന് ശേഷമാണ് തനിക്ക് പാര്‍ട്ടി അധ്യക്ഷ സ്ഥാനം നല്‍കിയതെന്നും വഗേല തന്റെ രാജിക്കത്തില്‍ ആരോപിക്കുന്നുണ്ട്.
കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേരാന്‍ പോകുകയാണെന്നും അതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന് മുമ്പേ രാജിവെച്ചതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രദേശത്ത് തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കാന്‍ പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഈ സംഭവമെന്നതും കോണ്‍ഗ്രസിന് ക്ഷീണമാകും.
ഈ വര്‍ഷമാദ്യം കോണ്‍ഗ്രസിന്റെ പാട്ടിദാര്‍ നേതാവും മുന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റുമായ ഹാര്‍ദിക് പട്ടേലും രാജിവെച്ചിരുന്നു.മുന്‍ ഗുജറാത്ത് മന്ത്രി നരേഷ് റാവല്‍, മുന്‍ രാജ്യസഭാ എംപി രാജു പര്‍മാര്‍ എന്നിവരുള്‍പ്പെടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. 2017ല്‍ ബിജെപിക്കെതിരെ കനത്ത് പോരാട്ടം തുടരാന്‍ കോണ്‍ഗ്രസിന് സാധിച്ചെങ്കിലും നിരവധി എംഎല്‍എമാരാണ് 2017മുതലുള്ള കാലയളവില്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് കൂറുമാറിയത്.
English Summary: Crores have been spent for the party; Gujarat Youth Congress president resigns ahead of Rahul Gandhi’s visit
You may also like this video: