പഞ്ചാബിൽ കോടികളുടെ കൈക്കൂലി വാങ്ങിയ പൊലീസ് ഡിഐജി അറസ്റ്റിൽ. ഹര്‍ചരണ്‍ സിങ് ബുല്ലാർ ഐപിഎസിനെയാണ് ഓഫീസിൽ വച്ച് ഇടനിലക്കാരന്‍ വഴി എട്ടുലക്ഷം രൂപയുടെ കൈക്കൂലി വാങ്ങുമ്പോള്‍ സിബിഐ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോടികളുടെ സമ്പാദ്യം കണ്ടെത്തുകയായിരുന്നു. പണത്തിനു പുറമേ സ്വർണാഭരണങ്ങൾ, രണ്ട് ആഡംബര കാറുകൾ, 40 ലിറ്റർ വിദേശമദ്യം,അനധികൃത ആയുധങ്ങൾ എന്നിവയും സിബിഐ പിടിച്ചെടുത്തു.
ഒരു ഡബിൾ ബാരൽ തോക്ക്, ഒരു പിസ്റ്റൾ, ഒരു റിവോൾവർ, ഒരു എയർഗൺ, വെടിയുണ്ടകൾ എന്നിവയും പിടിച്ചെടുത്തതിൽ ഉൾപ്പെടുന്നു. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 1.5 കിലോ ആഭരണങ്ങളാണ് പിടിച്ചെടുത്തത്. എണ്ണിത്തിട്ടപ്പെടുത്തിയത് പ്രകാരം അഞ്ചുകോടി രൂപയും ഉണ്ടായിരുന്നതായി പറയുന്നു. 22 ആഡംബര വാച്ചുകളും പിടിച്ചെടുത്ത വസ്തുക്കളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നതായി സിബിഐ അറിയിച്ചു.

