Site iconSite icon Janayugom Online

അതിര് ലംഘിച്ച് ഗവര്‍ണര്‍: ലോകോത്തര വിദ്യാഭ്യാസ മേന്മയെ താറടിക്കുവാന്‍ ശ്രമം

ഭരണഘടനാ പദവിയിലിരുന്ന് പാലിക്കേണ്ട മര്യാദകളുടെ സീമകളെല്ലാം ലംഘിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാന സര്‍ക്കാരിനും സര്‍വകലാശാലകള്‍ക്കും പ്രവര്‍ത്തന പ്രതിസന്ധി സൃഷ്ടിച്ചു മുന്നേറുന്ന ഗവര്‍ണര്‍ അതീവ ഗുരുതരമായ ആരോപണങ്ങളുയര്‍ത്തിയാണ് ഇന്നലെ രംഗത്തെത്തിയത്. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ക്രിമിനല്‍ ആണെന്നുള്‍പ്പെടെയുള്ള ആക്ഷേപങ്ങളുയര്‍ത്തിയതോടെ, കേന്ദ്ര സര്‍ക്കാരിന്റെ കളിപ്പാവയായി ഗവര്‍ണര്‍ പ്രവര്‍ത്തിക്കുകയാണെന്ന വസ്തുത കൂടുതല്‍ വ്യക്തമായി.
തനിക്കെതിരെ കണ്ണൂര്‍ സര്‍വകലാശാലയില്‍ കയ്യേറ്റശ്രമം നടന്നതിന് പിന്നില്‍ ഡല്‍ഹി കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയാണെന്നും അതില്‍ കണ്ണൂര്‍ വിസി ഉള്‍പ്പെടെ പങ്കാളിയായെന്നുമാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ ഇന്നലത്തെ വിലകുറഞ്ഞ ആക്ഷേപം. കണ്ണൂര്‍ വിസി സര്‍വകലാശാലയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും നിരവധി അനധികൃത നിയമനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഗവര്‍ണര്‍ ആരോപിക്കുന്നു.
എന്നാല്‍ 2019ല്‍ നടന്ന സംഭവത്തില്‍ ഇപ്പോള്‍ ഗൂഢാലോചനയുള്‍പ്പെടെ ആരോപിച്ച് ഗവര്‍ണര്‍ രംഗത്തെത്തിയതിന്റെ പിന്നിലെ രാഷ്ട്രീയക്കളിയാണ് ചര്‍ച്ചയാകുന്നത്. ഇതേ വിസിയുടെ കാലാവധി നീട്ടുന്ന ഫയല്‍ ഒപ്പിട്ടത് ആരിഫ് മുഹമ്മദ്ഖാനെന്ന ഗവര്‍ണറാണെന്നും ക്രിമിനലായ ഒരാള്‍ക്കാണോ തുടരാന്‍ അനുമതി നല്‍കിയതെന്നുമാണ് ചോദ്യമുയരുന്നത്. ഭരണകക്ഷി അംഗത്തെപ്പോലെയാണ് വിസി പെരുമാറുന്നതെന്ന് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ കുറ്റപ്പെടുത്തിയിരുന്നു.
കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേകമായി ശ്രദ്ധ കേന്ദ്രീകരിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോവുകയും അതിന്റെ ഗുണഫലങ്ങള്‍ ദൃശ്യമായിത്തുടങ്ങുകയും ചെയ്യുന്ന സാഹചര്യത്തിലാണ് താറടിച്ചുകാട്ടുന്നതിനുള്ള ശ്രമങ്ങളെന്നത് ഗവര്‍ണറുടെ ഉദ്ദേശ്യം തുറന്നുകാട്ടുന്നു. കേരളത്തിലെ വിദ്യാഭ്യാസരംഗം ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുമ്പോള്‍ അത് മോശമാണെന്ന് വരുത്താനുള്ള ബിജെപി ശ്രമങ്ങളുടെ ആയുധമാകുകയാണ് ഗവര്‍ണറെന്ന സംശയം ബലപ്പെടുകയാണ് ഇത്തരം നടപടികളിലൂടെ. അതേസമയം സംസ്ഥാനത്തെ ഭരണസംവിധാനങ്ങളെ അട്ടിമറിക്കാനുള്ള ബിജെപിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ശ്രമങ്ങള്‍ക്ക് ചൂട്ടുപിടിച്ചുകൊടുക്കുന്നത് പതിവാക്കിയ കോണ്‍ഗ്രസ് ഗവര്‍ണറുടെ വിഷയത്തിലും ബിജെപിക്കൊപ്പം ചേര്‍ന്ന് രംഗത്തെത്തി. 

സര്‍വകലാശാലാ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കാന്‍ നീക്കം

തിരുവനന്തപുരം: സര്‍വകലാശാലാ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കുന്ന ഇടപെടലുകളും ഗവര്‍ണര്‍ നടത്തിയെന്നതിന് കൂടുതല്‍ സൂചനകള്‍ പുറത്തുവന്നു.
കേരള സര്‍വകലാശാലയ്ക്ക് അര്‍ഹമായ ചാന്‍സലേഴ്സ് പുരസ്കാരം നല്‍കുന്നതിന് കാലവിളംബം വരുത്തുന്നതാണ് അതിലൊന്ന്. ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഈ അവാർഡ് കേരള സർവകലാശാലയ്ക്ക് നൽകാനാണ് ശുപാർശ ചെയ്തിരുന്നത്. അഞ്ച് കോടി രൂപയുടെ അവാര്‍ഡാണിത്. എന്നാല്‍ നല്കാതെ മാറ്റിവച്ചിരിക്കുകയാണ് ഗവര്‍ണര്‍. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുമായി സമന്വയത്തിന്റെ പാത സ്വീകരിച്ച് മുന്നോട്ടുപോകേണ്ട ഗവര്‍ണര്‍ ഏറ്റുമുട്ടലിന്റെ വഴി തിരഞ്ഞെടുക്കുന്നത് നിരാശാജനകമാണെന്ന് കേരള സര്‍വകലാശാല സെനറ്റ് അംഗം എ അജികുമാർ പറഞ്ഞു.
സെര്‍ച്ച് കമ്മിറ്റിയില്‍ കേന്ദ്ര സര്‍വകലാശാലയിലെ രണ്ടുപേരെ മാത്രം ഉള്‍പ്പെടുത്തുന്നതിലൂടെ കേന്ദ്രത്തിന്റെയും ബിജെപിയുടെയും താല്പര്യങ്ങള്‍ നടപ്പിലാക്കാനാണ് ഗവര്‍ണറുടെ ശ്രമമെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ഒരംഗം സംസ്ഥാന പ്രതിനിധിയായി എത്തിയാലും അഭിപ്രായങ്ങളെ ഭൂരിപക്ഷ തീരുമാനമനുസരിച്ച് മറികടക്കാന്‍ സാധിക്കുമെന്നതാണ് ബിജെപിക്കുവേണ്ടിയുള്ള ഗവര്‍ണറുടെ ആസൂത്രണം. 

Eng­lish Sum­ma­ry: Cross­ing the line Gov­er­nor: Try­ing to under­mine the qual­i­ty of world-class education

You may like this video also

Exit mobile version