Site iconSite icon Janayugom Online

ട്രെയിനുകളിൽ തിരക്കേറുന്നു; യാത്രാ ദുരിതത്തിന് പരിഹാരമില്ല

തീരദേശ പാതയിൽ ആലപ്പുഴ- എറണാകുളം ട്രെയിൻ യാത്രക്കാരുടെ യാത്രാ ദുരിതത്തിന് പരിഹാരമില്ല. നിത്യവും കാലുകുത്താൻ പോലും ഇടമില്ലാതെ നിന്നാണ് യാത്ര. ജില്ലയിൽ നിന്ന് രാവിലെയും വൈകിട്ടും ജോലിക്കും പഠനത്തിനുമായി തീരദേശപാതിയിലൂടെയുള്ള ട്രെയിനുകളെ ആശ്രയിക്കുന്നവരേറെയാണ്. അരൂർ‑തുറവൂർ ദേശീയപാതാ നിർമ്മാണം നടക്കുന്നതിനാൽ ട്രെയിനുകളിൽ ഇപ്പോൾ നല്ല തിരക്കാണ്. തീരദേശ പാതയിൽ ആറുമണിക്ക് പുറപ്പെടുന്ന ധൻബാദ് എക്സ്പ്രസാണ് യാത്രക്കാർ ആദ്യം ആശ്രയിക്കുന്ന ട്രെയിൻ. ഇതിൽ ആകെ രണ്ടു മുതൽ മൂന്ന് ജനറൽ കോച്ചുകളാണുള്ളത്. 

ആലപ്പുഴ സ്റ്റേഷനിൽ നിന്ന് തന്നെ ഇത് നിറഞ്ഞിരിക്കും, പിന്നീടുള്ളത് 6.18ന് ആലപ്പുഴ സ്റ്റേഷനിൽ എത്തുന്ന എറനാട് എക്സപ്രസാണ്. തിരുവനന്തപുരത്ത് നിന്ന് 3.45ന് പുറപ്പുടുന്ന ട്രെയിൻ 5.30ന് ഹരിപ്പാട് എത്തുമ്പോൾ നിറയും. 7.40ന് ഇത് എറണാകുളം സൗത്തിലെത്തും. പിന്നീടുള്ളത് 7.25ന് പുറപ്പെട്ട് 9ന് ആലപ്പുഴ- എറണാകുളം സൗത്തിലെത്തുന്ന മെമുവാണ്. ഇതിന്റെ അവസ്ഥയും ഏറെ ഭീകരമാണ്. ആലപ്പുഴയ്ക്ക് വൈകിട്ടുള്ള ട്രെയിൻ നാലു മണിക്കുള്ള എറണാകുളം- ആലപ്പുഴ പാസഞ്ചറാണ്. എന്നാൽ നാലുമണിക്ക് പുറപ്പെടുന്നതിനാൽ ഇതിൽ വലിയ തിരക്കുണ്ടാവില്ല. പിന്നീട് എറണാകുളം — കായംകുളം പാസഞ്ചറാണ്. 

മുൻപ് വൈകിട്ട് ആറുമണിക്ക് പുറപ്പെട്ടിരുന്ന ട്രെയിൻ 30 മിനിറ്റിലധികമാണ് വന്ദേഭാരത് കടന്നുപോകുന്നതിന് കുമ്പളത്ത് പിടിച്ചിട്ടിരുന്നത്. പിന്നീട് യാത്രക്കാർക്ക് സഹായകമാകുമെന്ന ഉറപ്പിൽ ട്രെയിനിന്റെ സമയം 6.25ന് ആക്കി. വിദ്യാർത്ഥികളും ഉദ്യോഗസ്ഥരുമടക്കം രണ്ടായിരത്തോളം പേരാണ് ഇതിൽ യാത്ര ചെയ്യുന്നത്. വന്ദേഭാരത് കടന്നുപോകുന്നതിനാൽ അഞ്ചുമുതൽ 10 മിനിറ്റുവരെ കുമ്പളം, തുറവൂർ എന്നിവിടങ്ങളിൽ ഇപ്പോഴും പിടിച്ചിടുകയാണ്. അതിനാൽ സമയമാറ്റം കൊണ്ട് യാതൊരു ഗുണവും യാത്രക്കാർക്ക് കിട്ടിയതുമില്ല. മുമ്പ് 8.20ന് കായംകുളത്ത് എത്തിയിരുന്ന ട്രെയിൻ ഇപ്പോൾ രാത്രി 9.30നാണെത്തുന്നത്. എറണാകുളത്ത് പഠനം, ജോലി എന്നിവയ്ക്കായി പോകുന്നവരെ കൂടാതെ ക്യാൻസർ ചികിത്സയ്ക്കായി അമൃത ആശുപത്രിയിൽ പോകുന്നവരടക്കം ട്രെയിനുകളെയാണ് ആശ്രയിക്കുന്നത്. മെമുവിൽ ആകെ എട്ട് കോച്ചുകൾ മാത്രമാണുള്ളത്. മൂന്ന് മെമുവിൽ യാത്ര ചെയ്യാനുള്ള ആളുകൾ തിക്കിതിരക്കി ഇതിലുണ്ടാകും. വാതിലിലെ കമ്പിയിൽ തൂങ്ങിപ്പിടിച്ചാണ് സ്ത്രീകൾ അടക്കമുള്ളവരുടെ യാത്ര. 

Exit mobile version