ഷിരൂര്‍ മണ്ണിടിച്ചില്‍ മരിച്ച അർജുന് നാട് വിട നൽകി. പൊതുദർശനത്തിന് പിന്നാലെ കണ്ണാടിക്കലിലെ വീട്ടിൽ രാവിലെ 11.30ഓടെ സംസ്കാരം നടന്നു. പ്രിയപ്പെട്ടവന്റെ ചേതനയറ്റ ശരീരം ഒരുനോക്കുകണ്ട് യാത്രാമൊഴി നൽകാൻ ആയിരങ്ങളാണെത്തിയത്. വിലാപയാത്രയിലും നാട് ചേര്‍ന്നു. അർജുന്റെ മൃതദേഹം വഹിച്ച ആംബുലൻസ് ജില്ലാ അതിർത്തിയായ അഴിയൂരിൽ ശനിയാഴ്ച രാവിലെ ആറോടെയാണെത്തിയത്. മന്ത്രി എ കെ ശശീന്ദ്രൻ, എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, കെ കെ രമ, ജില്ലാ കലക്ടർ സ്നേഹിൽകുമാർ തുടങ്ങിയവർ മൃതദേഹം ഏറ്റുവാങ്ങി.
മൃതദേഹം സംസ്കരിക്കുന്നതിനുള്ള ചെലവ് കേരള സർക്കാർ വഹിക്കും. കർണാടക സർക്കാരിന്റെ സഹായധനമായി അഞ്ച് ലക്ഷം രൂപ ബന്ധുക്കൾക്ക് കൈമാറും. കാർവാർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് മൃതദേഹം വഹിച്ച ആംബുലൻസിനെ കേരളാ അതിർത്തിയായ മഞ്ചേശ്വരം തലപ്പാടിവരെ കർണാടക പൊലീസും അനുഗമിച്ചു. ജൂലൈ 16ന് അങ്കോളക്കടുത്ത് ഷിരൂരിൽ മണ്ണിടിഞ്ഞ് കാണാതായ അർജുന്റെ മൃതദേഹം 72 ദിവസത്തിനുശേഷം ബുധനാഴ്‌ചയാണ് ഗംഗാവലിപ്പുഴയിൽ കണ്ടെത്തിയത്.