Site icon Janayugom Online

എണ്ണവില കൂപ്പുകുത്തി; അറിഞ്ഞഭാവം നടിക്കാതെ കമ്പനികള്‍

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കൂപ്പുകുത്തിയിട്ടും ഇന്ത്യയില്‍ പെട്രോള്‍ വില സര്‍വകാല റെക്കോര്‍ഡില്‍ തുടരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഫെബ്രുവരിക്ക് ശേഷമുള്ള തുടര്‍ച്ചയായ വലിയ ഇടിവാണ് കഴിഞ്ഞ ദിവസങ്ങളില്‍ അന്താരാഷ്ട്ര എണ്ണവിലയില്‍ ഉണ്ടായത്. തുടര്‍ച്ചയായ ആറാം ദിവസവും ഇന്നലെ വില ഇടിഞ്ഞു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില മാസങ്ങള്‍ക്ക് ശേഷം ആദ്യമായി ബാരലിന് 67 ഡോളറില്‍ താഴെയെത്തി. ലോകവ്യാപകമായി കോവിഡ് കേസുകള്‍ ഉയരുന്നതാണ് ആഗോളവിലയെ സ്വാധീനിക്കുന്നത്. ഒപ്പം അമേരിക്കന്‍ എണ്ണശേഖരം വര്‍ധിച്ചതും വില്പന സമ്മര്‍ദ്ദം നേരിടാന്‍ ഇടയാക്കി. അതേസമയം ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും ഒരു ലിറ്റര്‍ പെട്രോളിന് നൂറ് രൂപയില്‍ കൂടുതലാണ് ഇപ്പോഴും വില.

കഴിഞ്ഞ രണ്ടുദിവസമായി ഡീസല്‍ വില കുറഞ്ഞെങ്കിലും 34 ദിവസമായി പെട്രോള്‍ വിലയില്‍ മാറ്റമില്ല. ഇന്ധനവില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് ലഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഇത്രയും ദിവസം പെട്രോള്‍ വില മാറ്റമില്ലാതെ തുടരുന്നത്. ഇന്നലെയും 20 പൈസ കുറച്ചതോടെ മൂന്ന് ദിവസത്തിനുള്ളില്‍ 61 പൈസയുടെ കുറവാണ് ഡീസല്‍ വിലയില്‍ ഉണ്ടായിരിയ്ക്കുന്നത്.

രാജ്യത്ത് പൊതുമേഖലാ എണ്ണക്കമ്പനികളുടെ ലാഭം കഴിഞ്ഞ സാമ്പത്തിക വർഷം ഏഴ് മടങ്ങ് വർധിച്ചിട്ടുണ്ട്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (21,836 കോടി), ഭാരത് പെട്രോളിയം കോർപ്പറേഷൻ (19,042 കോടി), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ (10,664 കോടി) എന്നിവയുടെ അറ്റാദായം 51,542 കോടി രൂപയാണ്. 2019–20 വർഷം ഈ മൂന്നു കമ്പനികളുടെ ലാഭം 6633 കോടിയായിരുന്നു. കോവിഡിനു മുമ്പുള്ള 2018–19 കാലത്ത് നേടിയ ലാഭമായ 30,055 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ 58 ശതമാനം വർധന ഇപ്പോഴുണ്ടായി.

പെട്രോൾ‑ഡീസൽ‑പാചക വാതക നികുതി വർധനയിലൂടെ കേന്ദ്ര സർക്കാർ ഒരു വർഷം കൊണ്ട് ജനങ്ങളില്‍ നിന്നും ഒന്നര ലക്ഷത്തിലധികം കോടി പിഴിഞ്ഞെടുത്തിട്ടുണ്ട്. 2020–21 സാമ്പത്തിക വർഷത്തിൽ മാത്രം കേന്ദ്ര സർക്കാരിന് 4,53,812 കോടിയാണ് ഈയിനത്തിൽ ലാഭമുണ്ടായതെന്ന് കണക്കുകള്‍ പുറത്തുവന്നിരുന്നു.

You may also like this video:

Exit mobile version