Site icon Janayugom Online

ക്രൂഡോയില്‍ വില കൂപ്പുകുത്തി; ലാഭം കൊയ്ത് എണ്ണക്കമ്പനികളും കേന്ദ്രവും

രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില ഗണ്യമായി കുറഞ്ഞിട്ടും അതിന്റെ ആനുകൂല്യം ലഭിക്കാതെ അമിതഭാരം പേറി ജനങ്ങള്‍. വില കുറഞ്ഞ വേളയില്‍ നാല് മടങ്ങ് ലാഭമാണ് എണ്ണക്കമ്പനികളും കേന്ദ്ര സര്‍ക്കാരും നേടിയത്. ആഗോള വിപണിയില്‍ 2022 മുതല്‍ ക്രൂഡോയില്‍ വിലയില്‍ ഗണ്യമായ ഇടിവാണ് തുടര്‍ച്ചയായി രേഖപ്പെടുത്തിയത്. ഇതുവരെ ശരാശരി 28 ശതമാനം വിലക്കുറവുണ്ടായി. ഇതിന് ആനുപാതികമായി ഇന്ധന വില കുറയ്ക്കുന്നതിന് പകരം തൊടുന്യായങ്ങള്‍ നിരത്തി ഉയര്‍ന്ന വിലയ്ക്ക് ഇന്ധന വില്പന നടത്തിയത് വഴിയാണ് എണ്ണക്കമ്പനികള്‍ നേട്ടം സ്വന്തമാക്കിയത്. ലാഭവിഹിതമായ കോടിക്കണക്കിന് രൂപ കേന്ദ്ര ഖജനാവില്‍ എത്തുകയും ചെയ്തു. 

2023–24 സാമ്പത്തിക വര്‍ഷം അവസാനിച്ച മാര്‍ച്ച് 31ലെ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പൊതുമേഖല എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയാണ് ഉപഭോക്താക്കളെ കൊള്ളയടിച്ച് കീശവീര്‍പ്പിച്ചത്. 2023–24ലെ കണക്കനുസരിച്ച് ഈ മൂന്നുകമ്പനികളും 80,986 കോടി രൂപയുടെ അധിക ലാഭമാണ് ജനങ്ങളെ വഞ്ചിച്ച് തട്ടിയെടുത്തത്. 2022–23നെ അപേക്ഷിച്ച് നാലുമടങ്ങ് കൂടുതലാണിത്. 

ഐഒസി, ബിപിസിഎല്‍ എന്നിവ നേരിട്ട് കേന്ദ്ര സര്‍ക്കാരിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഓയില്‍ ആന്റ് നാച്യുറല്‍ ഗ്യാസ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയ്ക്കാണ് എച്ച്പിസിഎലിന്റെ നടത്തിപ്പ് ചുമതല. ക്രൂഡോയില്‍ വാങ്ങി സംസ്കരിച്ച് പെട്രോള്‍, ഡീസല്‍, നാഫ്ത, ലൂബ്രിക്കന്റ്സ് എന്നിവ വിപണിയില്‍ വിറ്റഴിച്ചാണ് കമ്പനികള്‍ ലാഭം കൊയ്തത്. വിലക്കുറവിന്റെ ആനുകൂല്യം രാജ്യത്തെ ഭൂരിപക്ഷം വരുന്ന സാധാരണക്കാരന് നിഷേധിച്ചാണ് മോഡി സര്‍ക്കാരും എണ്ണക്കമ്പനികളും തടിച്ച് കൊഴുത്തിരിക്കുന്നത്. 

Eng­lish Summary:Crude prices soared; Oil com­pa­nies and the Cen­ter reap the profits
You may also like this video

Exit mobile version