Site iconSite icon Janayugom Online

വികൃതി കാട്ടിയെന്ന പേരില്‍ രണ്ടാനച്ഛന്റെ ക്രൂരത; കുഞ്ഞിന്റെ സംരക്ഷണം സിഡബ്ലുസി ഏറ്റെടുത്തു

കൊല്ലത്ത് രണ്ടാനച്ഛന്റെ ക്രൂരതയ്ക്ക് ഇരയായ കുഞ്ഞിന്റെ സംരക്ഷണം സിഡബ്ലുസി ഏറ്റെടുത്തു. കുട്ടി വികൃതി കാട്ടിയതിന് കാലില്‍ ഇസ്തിരി പെട്ടികൊണ്ട് പൊള്ളിക്കുകയായിരുന്നു. കൊല്ലം തെക്കുംഭാഗത്താണ് സംഭവം. രണ്ടാനച്ഛനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കുട്ടിയുടെ അമ്മ വിദേശത്താണ്. മുത്തശിയോട് വികൃതി കാണിച്ചതിനാണ് രണ്ടാനച്ഛന്‍ കുഞ്ഞിന്റെ കാലില്‍ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചത്. പൊള്ളലേറ്റ കാലുമായി കുട്ടി അങ്കണവാടിയില്‍ പോവുകയും അവിടെവച്ച് ടീച്ചറോട് കാര്യം പറയുകയായിരുന്നു. അങ്കണവാടി ടീച്ചര്‍ ഉടന്‍ തന്നെ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചു. 

തുടര്‍ന്ന് കുഞ്ഞിന് ചൈല്‍ഡ് ലൈന്‍ കൗണ്‍സിലിംഗ് നല്‍കി. ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരാണ് പിന്നീട് പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ മൈനാഗപ്പളളി സ്വദേശിയായ രണ്ടാനച്ഛനെ തെക്കുംഭാഗം പൊലീസ് കസ്റ്റഡിയിലെടുത്തു. പെട്ടെന്ന് ഉണ്ടായ ദേഷ്യത്തിന് ചെയ്ത് പോയതാണെന്നാണ് രണ്ടാനച്ഛന്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം കുട്ടിയെ സിഡബ്ലുസി ഏറ്റെടുത്തു. രണ്ടാനച്ഛനൊപ്പമാണ് ക്രൂരപീഡനനത്തിന് ഇരയായ കുട്ടിയും സഹോദരങ്ങളും കഴിയുന്നത്.

Exit mobile version