ക്രിപ്റ്റോ കറൻസി ഇടപാടിന്റെ പേരിൽ നിക്ഷേപകരിൽ നിന്ന് നൂറു കോടിയിലധികം രൂപ തട്ടിയെടുത്ത നാലുപേർ അറസ്റ്റിൽ. കാസർകോട് ആലംപാടി സ്വദേശി പി എം മുഹമ്മദ് റിയാസ് (31), മലപ്പുറം മഞ്ചേരി സ്വദേശി സി ഷെഫീഖ് (30), കോഴിക്കോട് പാവങ്ങാട് സ്വദേശി വസിം മുനവറലി (35), മലപ്പുറം വണ്ടൂര്‍ സ്വദേശി മുഹമ്മദ് ഷെഫീഖ് (28) എന്നിവരെയാണ് അസി. സിറ്റി പൊലീസ് കമ്മിഷണർ പി പി സദാനന്ദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്. ബംഗളുരു ആസ്ഥാനമാക്കി ലോംഗ് റിച്ച് ടെക്നോളജീസ് എന്ന പേരിൽ ഓൺലൈൻ വഴിയാണ് ആയിരങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ സംഘം സമാഹരിച്ചത്. ദിനംപ്രതി രണ്ടു മുതൽ എട്ട് ശതമാനം ലാഭവിഹിതം ക്രിപ്റ്റോ കറൻസിയിൽ നൽകുമെന്ന് വിശ്വസിപ്പിച്ചാണ് ഇടപാടുകാരിൽ നിന്ന് കോടികൾ തട്ടിയെടുത്തത്.
കണ്ണൂർ സിറ്റി പൊലീസിന് നാല് മാസം മുൻപ് ലഭിച്ച പരാതിയുടെ അന്വേഷണത്തിലാണ് ഇവരെ പിടികൂടാനായത്. അറസ്റ്റിലായ മുഹമ്മദ് റിയാസിന്റെ അക്കൗണ്ടിലൂടെ 40 കോടിയും ഷെഫീഖിന്റെ അക്കൗണ്ടില്‍ 32 കോടിയും വസീം മുനവറലിയുടെ അക്കൗണ്ടില്‍ ഏഴുകോടിയും സമാഹരിച്ചതായി കണ്ടെത്തി.
മുമ്പ് സമാന കേസില്‍ 34 കോടി സമാഹരിച്ചതിന് മലപ്പുറം പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷനില്‍ നൗഷാദ് എന്നയാള്‍ അറസ്റ്റിലായിരുന്നു. ഇവരുടെയെല്ലാം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണ് കൂടുതൽ പരാതി ലഭിച്ചാൽ കേസന്വേഷണം വിപുലീകരിക്കാനാണ് തീരുമാനമെന്നും സംഘത്തില്‍ കൂടുതല്‍ പേര്‍ ഉണ്ടോയെന്നത് അന്വേഷിച്ചുവരികയാണെന്നും എസിപി പി പി സദാനന്ദൻ പറഞ്ഞു.
english summary: Cryptocurrency transactions; Four arrested for embezzling Rs 1 billion
you may also like this video