Site iconSite icon Janayugom Online

സിഎസ്ആര്‍ ഫണ്ട്: വിനിയോഗിക്കാതെ കെട്ടിക്കിടക്കുന്നത് കോടികള്‍

കമ്പനികള്‍ നിര്‍ബന്ധമായും ചെലവാക്കേണ്ട സാമൂഹിക പ്രതിബദ്ധതാ ഫണ്ടില്‍ (സിഎസ്ആര്‍) ചെലവാക്കാതെ പോയത് 1,475 കോടി രൂപ. ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ കഴിഞ്ഞ വര്‍ഷത്തെ കണക്കാണിത്. 2022–23 വര്‍ഷത്തില്‍ രാജ്യത്തെ കമ്പനികള്‍ സാമൂഹിക സുരക്ഷയ്ക്കായി ചെലവിട്ടത് 15,602 കോടിയാണ്. യഥാര്‍ത്ഥത്തില്‍ ചെലവാക്കേണ്ടിയിരുന്നത് 17,000 കോടിയിലേറെയാണ്. 1.475 കോടി രൂപ വിനിയോഗിക്കാതെ അവശേഷിക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെയുള്ള കൂടിയ തുകയാണിതെന്ന് നാഷണൽ സിഎസ്ആർ പോർട്ടലില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. കമ്പനികളുടെ അറ്റ ലാഭം, ആസ്തി, വിറ്റുവരവ് എന്നിവയെ അടിസ്ഥാനമാക്കി ലാഭത്തിന്റെ കുറഞ്ഞത് രണ്ട് ശതമാനമാണ് സിഎസ്ആര്‍ ഫണ്ട് വഴി ചെലവഴിക്കേണ്ടത്. പരിസ്ഥിതി, ആരോഗ്യം, നൈപുണ്യ വികസനം, ശുദ്ധജല വിതരണം, ശുചിത്വം തുടങ്ങിയ മേഖലകളിലാണ് തുക ഉപയോഗിക്കേണ്ടത്. രാജ്യം നേരിടുന്ന സാമ്പത്തിക വെല്ലുവിളികളും വർധിച്ചുവരുന്ന സാമൂഹിക ആവശ്യങ്ങളും കണക്കിലെടുത്താന്‍ സിഎസ്ആര്‍ ഫണ്ട് ചെലവഴിക്കല്‍ കുറയുന്നത് വലിയ പ്രത്യാഘാതം സൃഷ്ടിക്കും. 

കഴിഞ്ഞ വര്‍ഷം കമ്പനികളുടെ ശരാശരി ഫണ്ട് വിനിയോഗം 11.29 കോടി രൂപയാണ്. ഇത് 2022ല്‍ നിന്ന് നാലു ശതമാനവും 2021ല്‍ നിന്ന് ഒമ്പത് ശതമാനവും കുറവാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. കമ്പനികള്‍ അവരുടെ ലാഭത്തില്‍ ശരാശരി 1.91 ശതമാനം തുകയാണ് കഴിഞ്ഞ വര്‍ഷം ചെലവിട്ടത്. 2014 ലാണ് സാമൂഹിക പ്രതിബദ്ധതാ ഫണ്ട് നിയമാനുസൃതമാക്കിയത്. ഇത്തരത്തില്‍ നിയമം കൊണ്ടുവരുന്ന ആദ്യ രാജ്യം കൂടിയായിരുന്നു ഇന്ത്യ. എന്നാല്‍ ഏറെ പ്രതീക്ഷകളോടെ കൊണ്ടുവന്ന പദ്ധതിക്ക് 10 വര്‍ഷം കൊണ്ട് കാലിടറുന്ന സ്ഥിതിയാണെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. ഏറ്റവും ഉയർന്ന വരുമാന അസമത്വമുള്ള ഇന്ത്യയില്‍ സാമൂഹിക മേഖലയിലേക്കുള്ള ഫണ്ടിങ്ങില്‍ രണ്ടാമത്തെ ഏറ്റവും വലിയ സ്രോതസാണ് കമ്പനികളുടെ സിഎസ്ആര്‍. 2015 മുതല്‍ 22 വരെ ഒന്നര ലക്ഷം കോടി രൂപയാണ് കമ്പനികള്‍ സാമൂഹിക പ്രതിബന്ധതാ ഫണ്ടായി ചെലവഴിച്ചിട്ടുള്ളത്. സാമൂഹിക വികസനത്തിനായി വിനിയോഗിക്കാന്‍ ഗണ്യമായ മൂലധനം ഇതിലൂടെ ലഭിക്കുന്നുണ്ട്. കോർപ്പറേറ്റ്കാര്യ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ സിഎസ് ആർ പോർട്ടലിലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ അഞ്ച് കമ്പനികളിൽ ഒന്ന് — മൊത്തം 4,855 കമ്പനികൾ — നിശ്ചിത സിഎസ്ആർ ചെലവ് നിറവേറ്റുന്നതിൽ പരാജയപ്പെട്ടു. പലപ്പോഴും കമ്പനികളുടെ വികസനലക്ഷ്യത്തെ മാത്രം അഭിസംബോധന ചെയ്യുന്ന രീതിയിലേക്കും ചെലവഴിക്കല്‍ രീതി മാറി. 

ഉയർന്ന ദാരിദ്ര്യവും സുസ്ഥിര വികസന ലക്ഷ്യങ്ങളും കൈവരിക്കുന്നതില്‍ പിന്നാക്കം നില്‍ക്കുന്നതുമായ സംസ്ഥാനങ്ങളിലേക്കുള്ള സിഎസ്ആര്‍ ഫണ്ടുകള്‍ കുറയുന്നതായും നയരൂപീകരണ-ഗവേഷണ സ്ഥാപനമായ പോളിസി സര്‍ക്കിള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനു വിപരീതമായി, ഡൽഹി, ഗോവ, മഹാരാഷ്ട്ര തുടങ്ങിയ സമ്പന്ന സംസ്ഥാനങ്ങൾ പ്രതിശീർഷ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ സിഎസ്ആർ ഫണ്ടിങ് നേടുന്ന സ്ഥിതിയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നാക്ക മേഖലകളില്‍ പദ്ധതികള്‍ നടപ്പാക്കുന്നതിനൊപ്പം ദേശീയ പരിപാടികളിലൂടെ സിഎസ്ആര്‍ സംരംഭങ്ങളുടെ വ്യാപനം വിശാലമായി ജനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതില്‍ ശ്രദ്ധയൂന്നണമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. 

Exit mobile version