ക്യൂബന്‍ സോഷ്യലിസത്തിന്റെ അടിസ്ഥാനം തന്നെ വിദ്യാഭ്യാസമാണ്. കോവിഡ് മഹാമാരിക്ക് മുന്‍പില്‍ ലോകരാജ്യങ്ങള്‍ മുഴുവന്‍ പകച്ചുനിന്നപ്പോള്‍ കൈമുതലായുള്ള വിദ്യാഭ്യാസവും ശാസ്ത്രീയതയും ഐക്യവും ചേര്‍ത്ത് തദ്ദേശീയമായ ചെറുത്ത് നില്‍പ്പാണ് ക്യൂബ നടത്തിയത്. ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനം രൂക്ഷമായതോടെ പ്രതിരോധ സംവിധാനവും ക്യൂബ ശക്തമാക്കിക്കഴിഞ്ഞു.
കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടം മുതല്‍ മാസ്ക്, സാമൂഹിക അകലം, പരിശോധന, ക്വാറന്റൈന്‍ തുടങ്ങിയ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതില്‍ ക്യൂബ കര്‍ശന നിലപാട് സ്വീകരിച്ചിരുന്നു. ക്യൂബയുടെ ബയോമെഡിക്കല്‍ ഗവേഷക‑നിര്‍മ്മാണ സംവിധാനം ഉപയോഗപ്പെടുത്തി കോവിഡിനെതിരെ അഞ്ച് വാക്സിനുകള്‍ തദ്ദേശിയമായി വികസിപ്പിച്ചെടുത്തു. ഡിസംബര്‍ മൂന്നിന് 90.1 ശതമാനം ക്യൂബക്കാരും ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചു. 82.3 ശതമാനം ആളുകള്‍ മുഴുവന്‍ ഡോസും സ്വീകരിച്ചു. ചിലി, യുഎഇ, പോര്‍ച്ചുഗല്‍, കയ്മന്‍ ദ്വീപുകള്‍, സിംഗപ്പൂര്‍, ബ്രൂണെ, നോര്‍ത്ത് സിപ്രസ് എന്നിവിടങ്ങളില്‍ മാത്രമാണ് ഇത്രയധികം വാക്സിന്‍ നിരക്കുള്ളത്. എന്നാല്‍ ഈ ഏഴ് രാജ്യങ്ങളിലും സ്വന്തമായി വാക്സിന്‍ നിര്‍മ്മിച്ചിട്ടില്ലെന്നതും പ്രത്യേകതയാണ്. ക്യൂബന്‍ വാക്സിനുകളായ അബ്ദാല, സോബേരന 02 എന്നിവയ്ക്ക് 90 ശതമാനം ഫലപ്രാപ്തിയുള്ളതായാണ് പരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നത്.
പാശ്ചാത്യ രാജ്യങ്ങളുടെ കോവിഡ് വാക്സിനുകള്‍ പോലെ സൂക്ഷിക്കാന്‍ അതിശൈത്യസംവിധാനങ്ങള്‍ ആവശ്യമില്ലെന്നത് ചെലവ് കുറയ്ക്കും. വിയറ്റ്നാം, വെനസ്വേല, ഇറാന്‍, നിക്കരാഗ്വാ തുടങ്ങിയ രാജ്യങ്ങളുമായി ക്യൂബ വാക്സിന്‍ വിതരണത്തിനും തയ്യാറായിക്കഴിഞ്ഞു. ഒമിക്രോണ്‍ വകഭേദത്തെ ചെറുക്കുന്നതിനായി സൊബേരന പ്ലസ് വാക്സിനും ക്യൂബന്‍ ഗവേഷകര്‍ തയാറാക്കിക്കഴിഞ്ഞു. വാക്സിന്‍ വികസിപ്പിക്കുന്നതിനും നിര്‍മ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ആവശ്യമായ വസ്തുക്കളുടെ ക്ഷാമവും അമേരിക്കന്‍ ഉപരോധവും നിലനില്‍ക്കുന്നതിനിടെയാണ് വിപ്ലവകരമായ കോവിഡ് പ്രതിരോധത്തിന് ക്യൂബ സ്വന്തം വഴി വെട്ടിത്തുറന്നത്.
പൊതുജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് ശുദ്ധവും ലളിതവുമായരീതിയില്‍ ക്യൂബ വാക്സിന്‍ നടപടികള്‍ ആരംഭിച്ചത്. എന്നാല്‍ അമേരിക്കയില്‍ കോര്‍പ്പറേറ്റുകളുടെ കൊള്ളലാഭം ലക്ഷ്യമിട്ടായിരുന്നു വാക്സിനുമായി ബന്ധപ്പെട്ട ഓരോനീക്കവും. 2021ല്‍ മൊഡേണ മാത്രം 18 ബില്യണ്‍ ഡോളര്‍ സമ്പാദിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അമേരിക്കയിലേയും ക്യൂബയിലെയും ജനങ്ങള്‍ക്കിടയിലുള്ള കോവിഡ് പ്രതിരോധശേഷിയും മരണനിരക്കും വ്യത്യസ്തമാണ്. ക്യൂബയില്‍ താരതമ്യേന പ്രതിരോധശേഷി കൂടുതലും മരണനിരക്ക് കുറവുമാണ്.
ENGLISH SUMMARY:Cuba defended Covid with unity and science
You may also like this video