Site iconSite icon Janayugom Online

മണ്ണറിഞ്ഞുള്ള കൃഷി ആരോഗ്യ സംരക്ഷണത്തിന് അനിവാര്യം: മന്ത്രി പി പ്രസാദ്

P PrasadP Prasad

ആരോഗ്യത്തിന് ഉപകരിക്കുന്ന ഭക്ഷ്യ വിളകളുടെ ഉത്പാദനത്തിന് മണ്ണിനെ അടുത്തറിഞ്ഞ് കൃഷി നടത്തേണ്ടത് അനിവാര്യമാണെന്ന് കൃഷി മന്ത്രി പി. പ്രസാദ്. ജില്ലയിലെ പ്രശ്‌നബാധിത പ്രദേശങ്ങളിലെ മണ്ണിനങ്ങളുടെ പരിപാലനം സംബന്ധിച്ച് സംസ്ഥാന മണ്ണു പര്യവേക്ഷണ മണ്ണു സംരക്ഷണ വകുപ്പ് ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പരമ്പരാഗതമായ അറിവുകളും ആധുനിക ശാസ്ത്രീയ സമീപനവും സമന്വയിപ്പിച്ചാല്‍ മാത്രമേ കൃഷിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയൂ. ആരോഗ്യമുള്ള തലമുറയെ സൃഷ്ടിക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണം വേണം. അതിന് നമ്മുടെ കൃഷി മണ്ണിനെ അറിഞ്ഞുകൊണ്ടുള്ളതാകണം, മന്ത്രി ചൂണ്ടിക്കാട്ടി.

ശില്‍പ്പശാലയില്‍ 200 കര്‍ഷകര്‍ക്ക് മണ്ണ് ആരോഗ്യ കാര്‍ഡ് വിതരണം ചെയ്തു. മണ്ണിനെ അറിയാം മൊബൈലിലൂടെ (എം.എ.എം) എന്ന മൊബൈല്‍ അപ്ലിക്കേഷനും ചടങ്ങില്‍ പരിചയപ്പെടുത്തി. ജില്ലയിലെ പ്രശ്നബാധിത മണ്ണിനങ്ങളുടെ പരിപാലന മുറകളെക്കുറിച്ചുള്ള ലഘുലേഖയുടെ പ്രകാശനവും ചേര്‍ത്തല നിയോജക മണ്ഡലത്തിലെ നീര്‍ത്തട മാപ്പുകളുടെ അനാച്ഛാദനവും മന്ത്രി നിര്‍വഹിച്ചു.

ജില്ലയില്‍ കണ്ടുവരുന്ന പ്രധാന പ്രശ്‌നബാധിത മണ്ണിനങ്ങളായ മണല്‍ മണ്ണ്, കരിമണ്ണ്, പൊക്കാളി മണ്ണ് എന്നിവയുടെ ശാസ്ത്രീയ ആരോഗ്യ പരിപാലനവും കാര്‍ഷിക പുനരജ്ജീവനവും ലക്ഷ്യമിട്ടാണ് ശില്‍പശാല സംഘടിപ്പിച്ചത്. ചടയമംഗലം സംസ്ഥാന നിര്‍ത്തട വികസന പരിപാലന പരിശീലന കേന്ദ്രവും പാറോട്ടുകോണം സംസ്ഥാന സോയില്‍ മ്യൂസിവും ചേര്‍ന്നായിരുന്നു ഏകോപനം.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. മണ്ണ് പരിവേഷണ മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടര്‍ എസ്. സുബ്രഹ്‌മണ്യന്‍, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ഷാജി, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സിനിമോള്‍ സാംസണ്‍, ഗീത കാര്‍ത്തികേയന്‍, സ്വപ്ന ഷാബു, കവിത ഷാജി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.എസ് ഷാജി, എന്‍.എസ്. ശിവപ്രസാദ്, സജിമോള്‍ ഫ്രാന്‍സിസ്, ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിബു എസ്. പത്മം, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ആര്‍. ശ്രീരേഖ, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.ജെ കൃഷ്ണ കിഷോര്‍, ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. രശ്മി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ രമേശ് ശശിധരന്‍, ജില്ല മണ്ണ് സംരക്ഷണ ഓഫിസര്‍ കെ. സത്യന്‍ എന്നിവര്‍ സംസാരിച്ചു.

Eng­lish Sum­ma­ry: Cul­ti­va­tion with know­ing soil is essen­tial for health care: Min­is­ter P Prasad

You may like this video also

Exit mobile version