Site iconSite icon Janayugom Online

ല​ക്ഷ്മി പി​ക്ച​ർ പാ​ല​സി​ന് തിരശ്ശീല വീണു; അവസാനിച്ചത് ഏഴ് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ചരിത്രം

ഏഴ് പതിറ്റാണ്ടിലേറെയായി മലയാള സിനിമയുടെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ഒറ്റപ്പാലത്തെ ലക്ഷ്മി പിക്ചർ പാലസ് എന്ന സിനിമാ കൊട്ടകയ്ക്ക് തിരശ്ശീല വീണു. സിനിമാക്കാരുടെ ‘ഭാഗ്യ ലൊക്കേഷൻ’ എന്നറിയപ്പെടുന്ന ഒറ്റപ്പാലത്തെ ഏറ്റവും പഴക്കമുള്ള ഈ തിയേറ്റർ, മോഹൻലാലിൻ്റെ ‘തുടരും’, ടോവിനോ തോമസ് നായകനായ ‘നരിവേട്ട’ എന്നീ ചിത്രങ്ങളായിരുന്നു അവസാനമായി പ്രദർശിപ്പിച്ചത്.

1954 ഫെബ്രുവരി 11 നാണ് ല​ക്ഷ്മി പി​ക്ച​ർ പാ​ല​സ് തുടങ്ങിയത്. ഒറ്റപ്പാലത്തെ പ്രമുഖ വ്യവസായികളായിരുന്ന ഇ പി അച്യുതൻ നായരും സഹോദരൻ ഇ പി മാധവൻ നായരും ചേർന്നാണ് തിയേറ്ററിനായി കെട്ടിടം നിർമ്മിച്ചത്. മാതാവിൻ്റെ പേരായ എരണ്ടത്ത് പുത്തൻ വീട്ടിൽ ലക്ഷ്മി അമ്മയുടെ പേരാണ് തിയേറ്ററിന് നൽകിയത്. സത്യൻ നായകനായ ‘ആത്മസഖി‘യായിരുന്നു ഇവിടെ ആദ്യമായി പ്രദർശനത്തിനെത്തിയ ചിത്രം. 1974 ൽ തിയേറ്റർ ഷൊർണൂർ സ്വദേശി പി കെ രാജന് കൈമാറി. ഉടമാവകാശം കൈമാറിയെങ്കിലും, രാജൻ്റെ മകൾ ബീനയും ഭർത്താവ് പി എൻ ജയശങ്കറും ലക്ഷ്മി പിക്ചർ പാലസ് എന്ന പേരിൽ മാറ്റം വരുത്താതെയാണ് അടച്ചുപൂട്ടുന്നത് വരെയും തിയേറ്റർ നടത്തിവന്നത്.

പ്രേക്ഷക പങ്കാളിത്തം കുറവായിരുന്നിട്ടല്ല തിയേറ്റർ പൂട്ടാൻ തീരുമാനിച്ചതെന്നും നഗരത്തിൻ്റെ വികസനത്തോടുള്ള പ്രതിബദ്ധതയാണ് ഈ തീരുമാനത്തിന് പിന്നിലെന്നും തിയറ്റര്‍ ഉടമ പി എൻ ജയശങ്കർ പറഞ്ഞു. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ആസൂത്രണം ചെയ്ത ബൈപാസ് പദ്ധതി തിയേറ്ററിന് സമീപമുള്ള റോഡിലൂടെയാണ് കടന്നുപോകുന്നത്. ഇതിനായി ഉടമ തിയേറ്റർ പ്ലോട്ടിൽ നിന്ന് എട്ട് സെൻ്റ് സ്ഥലം കൈമാറി. ഇതേതുടർന്ന്, വാഹനങ്ങളുടെ പാർക്കിങ് ഏരിയയിൽ കുറവ് വരുന്ന സാഹചര്യത്തിൽ തുടർപ്രവർത്തനം ബുദ്ധിമുട്ടിലാകുമെന്നതാണ് അടച്ചുപൂട്ടാൻ കാരണമെന്ന് ബന്ധപ്പെട്ടവർ വെളിപ്പെടുത്തി.

Exit mobile version