Site iconSite icon Janayugom Online

വിഴിഞ്ഞം തുറമുഖത്തിന് ആഭ്യന്തര കയറ്റിറക്കുമതിക്കുള്ള കസ്റ്റംസ് അനുമതി

വിഴിഞ്ഞം തുറമുഖത്തുനിന്നുള്ള ആഭ്യന്തര കയറ്റിറക്കുമതിക്കുള്ള (എക്‌സിം കാർഗോ) കസ്റ്റംസ് അനുമതിയായി. കേന്ദ്ര ധനകാര്യ വകുപ്പിന്റെ കീഴിലുള്ള കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസാണ് പ്രാഥമിക അനുമതി നൽകിയിരിക്കുന്നത്. മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കി കൊച്ചിയിലെ കസ്റ്റംസ് കമ്മിഷണറേറ്റിൽനിന്ന് അന്തിമ അനുമതിയും ഉടൻതന്നെ ലഭിക്കും.അദാനി വിഴിഞ്ഞം തുറമുഖ കമ്പനിക്കാണ് ലൈസൻസ് അനുവദിച്ചിരിക്കുന്നത്. ഇതോടെ വിഴിഞ്ഞം തുറമുഖംവഴി രാജ്യത്തിനുള്ളിലേക്കും പുറത്തേക്കുമുള്ള കയറ്റിറക്കുമതി ആരംഭിക്കാൻ കഴിയും. അനുമതി ലഭിച്ചതോടെ രാജ്യത്തെ വിവിധ തുറമുഖങ്ങളിൽ പ്രവർത്തിക്കുന്ന കസ്റ്റംസ് ബ്രോക്കിങ് കമ്പനികൾ വിഴിഞ്ഞത്ത് ഓഫീസ് തുടങ്ങും. ഈ കമ്പനികൾ വഴിയായിരിക്കും കയറ്റിറക്കുമതികൾ നടക്കുക. വിഴിഞ്ഞത്ത് തുറമുഖത്തോടുചേർന്ന് പോർട്ട് യൂട്ടിലിറ്റി ബിൽഡിങ്ങിൽ കസ്റ്റംസ് ഓഫീസ് നേരത്തേ പ്രവർത്തനം തുടങ്ങിയിരുന്നു. തുറമുഖത്തുനിന്ന് ദേശീയപാതയിലേക്കുള്ള റോഡ് നിർമാണം പൂർത്തിയാകാത്തതിനാൽ ആഭ്യന്തര കയറ്റുമതി ഇപ്പോൾ ആരംഭിക്കാനാകില്ല.

Exit mobile version