Site icon Janayugom Online

സൈബര്‍ ആക്രമണം വര്‍ധിക്കുന്നു; ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍ ഭീഷണിയില്‍

രാജ്യത്തെ 60 ശതമാനം ആരോഗ്യ സുരക്ഷാ ഏജന്‍സികളും കടുത്ത സൈബര്‍ ആക്രമണം നേരിടുന്നുവെന്ന് റിപ്പോര്‍ട്ട്. സൈബര്‍ ആക്രമണം ചെറുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് പ്രാപ്തിയില്ലെന്നും ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ സുരക്ഷാ ഏജന്‍സിയായ സോഫോസ് എന്ന സംഘടന ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യന്‍ ആരോഗ്യ മേഖല സൈബര്‍ ആക്രമണത്തിന് സ്ഥിരമായി ഇരയാകുന്നത് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്നും സോഫോസ് മുന്നറിയിപ്പ് നല്‍കുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയാണ് ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണം ഇന്ത്യന്‍ ആരോഗ്യ മേഖല നേരിട്ടത്. ആരോഗ്യ സുരക്ഷാ ഏജന്‍സികളുടെ രേഖകള്‍ റാന്‍സംവെയര്‍ സംവിധാനം ഉപയോഗിച്ച് തകര്‍ക്കുന്ന രീതി 75 ശതമാനം വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ വിവരം ചോര്‍ത്താനുള്ള ശ്രമം ചെറുക്കാന്‍ 24 ശതമാനം സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് സാധിച്ചത്.

2022 ല്‍ ആകെയുണ്ടായ സൈബര്‍ ആക്രമണങ്ങളില്‍ 34 ശതമാനം ആരോഗ്യ പരിപാലന കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) വെബ്സൈറ്റ് ഹാക്കര്‍മാര്‍ തകര്‍ത്തത് രാജ്യമാകെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. 24 മണിക്കൂറിനിടെ 6,000 തവണയാണ് ഐസിഎംആര്‍ വെബ്സൈറ്റ് തകര്‍ക്കാന്‍ ശ്രമിച്ചത്.

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) വെബ്സൈറ്റും കഴിഞ്ഞ വര്‍ഷം സൈബര്‍ ആക്രമണത്തിന് വിധേയമായി. കഴിഞ്ഞ മാസം 31 നാണ് 81.5 കോടി ജനങ്ങളുടെ ആരോഗ്യ സംബന്ധിയായ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ഡാര്‍ക്ക് വെബ് വഴി ചോര്‍ത്തിയത്.

രാജ്യത്തെ ആരോഗ്യ മേഖലയുടെ വിവരങ്ങള്‍ സ്ഥിരമായി ചോര്‍ത്തുന്ന സംഭവം ഗുരുതരമാണെന്നും ഇത് ചെറുക്കാന്‍ കൃത്യമായ പദ്ധതികള്‍ ആവിഷ്കരിക്കണമെന്നും സൈബര്‍ സുരക്ഷാ ഏജന്‍സിയായ എപിഎസി പ്രസിഡന്റ് രാജ് ശ്രീവാസ്തവ അഭിപ്രായപ്പെട്ടു.

കാലാവധി കഴിഞ്ഞ സോഫ്റ്റ് വെയറുകള്‍, പഴകിയ കമ്പ്യൂട്ടര്‍ സംവിധാനം, സൈബര്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള വിഹിതത്തിലെ കുറവ് എന്നിവയാണ് ഇന്ത്യന്‍ ആരോഗ്യ മേഖല നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു. സൈബര്‍ സുരക്ഷയുടെ കാര്യത്തില്‍ ഏറ്റവും മോശം റെക്കോഡുള്ള രാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്ക, ബ്രസീല്‍ എന്നിവയ്ക്ക് തൊട്ടുപിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. സൈബര്‍ ആക്രമണം ചെറുക്കുന്നതില്‍ ഇന്ത്യന്‍ ആരോഗ്യ പരിപാലന കേന്ദ്രങ്ങള്‍ മതിയായ പദ്ധതി ആവിഷ്കരിക്കുന്നില്ലെന്ന് കൊളംബിയന്‍ സുരക്ഷാ ഏജന്‍സിയായ ടെനബിളും റിപ്പോര്‍ട്ട് ചെയ്യുന്നു.

Eng­lish Sum­ma­ry: Cyber attacks are on the rise; Health­care facil­i­ties under threat
​You may also like this video

Exit mobile version