ഭരണ സംവിധാനങ്ങൾ കൂടുതൽ ഡിജിറ്റലൈസ് ചെയ്തുവരുന്നതിനാൽ സൈബർ ആക്രമണങ്ങളും സൈബർ കുറ്റകൃത്യങ്ങളും നേരിടാൻ സർക്കാരുകൾ വേണ്ടത്ര തയ്യാറെടുപ്പ് നടത്തേണ്ട സാഹചര്യം സംജാതമായിരിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സൈബർ സുരക്ഷ പൊതുജനങ്ങൾക്കോ വ്യവസായത്തിനോ മാത്രമല്ല, നിയമ നിർവഹണ ഏജൻസികൾക്കും സർക്കാരുകൾക്കും വളരെയധികം ആശങ്കാജനകമായ സാഹചര്യമാണ് നിലനിൽക്കുന്നത്. ഈ സാഹചര്യങ്ങൾക്ക് പരിഹാരം കാണാൻ നടത്തുന്ന കൊക്കൂൺ സൈബർ കോൺഫറൻസ് രാജ്യത്തിനാകമാനം അഭിമാനകരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കൊച്ചിയിൽ നടന്ന കൊക്കൂൺ 18 എഡിഷന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സൈബർ സുരക്ഷാ അവബോധം, നയ ചർച്ച, നവീകരണം എന്നിവയ്ക്കുള്ള രാജ്യത്തെ മുൻനിര പ്ലാറ്റ്‌ഫോമായി കൊക്കൂൺ വർഷങ്ങളായി വളർന്നു കഴിഞ്ഞു. സൈബർ സുരക്ഷാ രംഗത്തെ ദേശീയ കേന്ദ്രമായും ഇന്ത്യയുടെ ഡിജിറ്റൽ സുരക്ഷാ രംഗത്തെ ഒരു പ്രധാന സ്ഥാപനമായി മാറാൻ കേരളത്തിന് ഇതിലൂടെ സാധിച്ചു. സൈബർ സുരക്ഷയും ദേശീയ സുരക്ഷയും തമ്മിലുള്ള നിർണായക ബന്ധത്തെ ഈ സമ്മേളനം ശക്തമാക്കി. സാമ്പത്തിക സ്ഥിരത, പൗര സുരക്ഷ, സംസ്ഥാന പരമാധികാരം എന്നിവയ്ക്ക് സൈബർ ഇടം സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന വസ്തുതയ്ക്ക് ഊന്നൽ നൽകുന്നു.
സൈബർ ശേഷി വികസനത്തിലും കുട്ടികളുടെ സംരക്ഷണ സാങ്കേതികവിദ്യയിലും കേരളത്തിന്റെ മുൻനിര ശ്രമങ്ങളെ അടിസ്ഥാനമാക്കിയാണ് കൊക്കൂൺ 2025 പതിപ്പ് നടന്നത്. ഇത് എ ഐ, ഡിജിറ്റൽ ഫോറൻസിക്സ്, പൊതുമേഖലാ സൈബർ പ്രതിരോധശേഷി എന്നിവയെക്കുറിച്ചുള്ള ആഗോള ചർച്ചകളിൽ സംസ്ഥാനത്തെ മുൻപന്തിയിൽ എത്തിച്ചു. റേഡിയോ-ഫ്രീക്വൻസി, ഡ്രോൺ, ടെലിമെട്രി അധിഷ്ഠിത എന്‍ജിനീയറിങ് ആപ്ലിക്കേഷനുകൾക്കായി സമർപ്പിച്ചിരിക്കുന്ന ഒരു പുതിയ ഇന്നൊവേഷൻ സോണായിട്ടാണ് ഈ വർഷം ആർസി (റേഡിയോ-കൺട്രോൾഡ്) എന്‍ജിനീയറിങ് വില്ലേജ് അവതരിപ്പിച്ചത്. ആകാശ സംവിധാനങ്ങൾ, സിഗ്നൽ ഇന്റർസെപ്ഷൻ, നിരീക്ഷണം, ദുരന്ത പ്രതികരണം, കൗണ്ടർ‑ഡ്രോൺ സാങ്കേതികവിദ്യകൾ എന്നിവയ്ക്കായി റിമോട്ട് കൺട്രോൾ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗം എന്നിവയെക്കുറിച്ചുള്ള പ്രദർശനങ്ങൾ ഇതിൽ ഉൾപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മേയർ എം അനിൽ കുമാർ, കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ, സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ, വിജിലൻസ് മേധാവി മനോജ് എബ്രഹാം, എഡിജിപി എസ് ശ്രീജിത്ത്, ഐജി പി പ്രകാശ്, സൈബർ ഓപ്പറേഷൻസ് എസ് പി അങ്കിത് അശോകൻ, ഇസ്ര പ്രസിഡന്റ് മനു സഖറിയ തുടങ്ങിയവർ പങ്കെടുത്തു.

