Site iconSite icon Janayugom Online

രാജ്യത്ത് സൈബര്‍ തട്ടിപ്പ് നാല് മടങ്ങ് വര്‍ധിച്ചു; നഷ്ടപ്പെട്ടത് 177 കോടി രൂപ

ഇന്ത്യയില്‍ സൈബര്‍ തട്ടിപ്പ് കേസുകള്‍ നാല് മടങ്ങ് വര്‍ധിച്ചു. നിലവിലെ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒമ്പത് മാസത്തിനിടെ രജിസ്റ്റര്‍ ചെയ്ത 13,384 കേസുകളിലായി 107.21 കോടിരൂപ നഷ്ടപ്പെട്ടു. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ലോക്സഭയില്‍ എഴുതി നല്‍കിയ മറുപടിയിലാണ് ഇതുസംബന്ധിച്ച കണക്കുകളുള്ളത്. 2024 ല്‍ മാത്രം 29,082 കേസുകളിലായി 177 കോടിരൂപയാണ് ഉപഭോക്താക്കളില്‍ നിന്ന് നഷ്ടമായത്. 

ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകളില്‍ ഇന്ത്യ വന്‍കുതിപ്പാണ് അടുത്തിടെ നടത്തിയത്. കാര്‍ഡ്, ഇന്റര്‍നെറ്റ്, ഡിജിറ്റല്‍ ഇടപാട് എന്നിവയിലൂടെയുള്ള തട്ടിപ്പിലും ഈ കാലയളവില്‍ വലിയ കുതിപ്പുണ്ടായി. എന്നാല്‍ ഇതുസംബന്ധിച്ച് ആര്‍ബിഐയുടെ കൈയില്‍ കൃത്യമായ കണക്കുകളില്ല. വാണിജ്യ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പുറത്തുവിടുന്ന കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. 2022–23 സാമ്പത്തിക വര്‍ഷത്തില്‍ 6699 കേസുകളിലായി 69.68 കോടി രൂപയാണ് നഷ്ടമായിരുന്നു. 2021–22ല്‍ ഇത് 3596 കേസുകളിലായി 80.33 കോടിയായിരുന്നു. 

2024 ല്‍ ഇന്ത്യയ്ക്ക് നേരെ 95 സൈബര്‍ ആക്രമണങ്ങളുണ്ടായെന്ന് എഐ ഇന്റലിജന്‍സ് പ്രൊവൈഡറായ ക്ലൗഡ്സെക് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍‍ സൈബര്‍ ആക്രമണങ്ങള്‍ നേരിടുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്കയാണ് പട്ടികയില്‍ ഒന്നാമത്. കഴിഞ്ഞ വര്‍ഷം 140 സൈബര്‍ ആക്രമണങ്ങളെയാണ് യുഎസിന് നേരിടേണ്ടിവന്നത്.
രാജ്യത്ത് സൈബര്‍ ആക്രമണങ്ങള്‍ ചെറുക്കാനായി സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ സര്‍ക്കാര്‍ ബോധവല്കരണ കാമ്പയിനുകള്‍ നടത്തുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കായി സൈബര്‍ സുരക്ഷാ ഹാന്‍ഡ്ബുക്ക്, ആര്‍ബിഐ പിന്തുണയോടെയുള്ള എസ്എംഎസ് അറിയിപ്പുകളും റേഡിയോ കാമ്പയിനുകള‍ും സര്‍ക്കാര്‍ നടത്തുന്നുണ്ടെന്ന് ലോക്‌സഭയില്‍‍ അവതരിപ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. 

Exit mobile version