Site iconSite icon Janayugom Online

സൈബര്‍ സുരക്ഷ: മില്‍മയുമായി കൈകോര്‍ത്ത് കേരള പൊലീസ്

സൈബര്‍ സുരക്ഷയ്ക്കായി കേരള പൊലീസുമായി കൈകോര്‍ത്ത് മില്‍മ. നാളെ മുതല്‍ സംസ്ഥാനത്തു വിതരണം ചെയ്യുന്ന മില്‍മ പാല്‍ കവറുകളില്‍ കേരള പോലീസിന്റെ 1930 എന്ന സൈബര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറും സൈബര്‍ സുരക്ഷ സന്ദേശങ്ങളും രേഖപ്പെടുത്തും. കഴിഞ്ഞ മൂന്നുവര്‍ഷങ്ങളിലായി 1,200 കോടി രൂപ സൈബര്‍ തട്ടിപ്പുകളിലൂടെ മലയാളികള്‍ക്ക് നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് കണക്കുകള്‍. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും കബളിപ്പിക്കപ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും ദേശീയ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലും ഉള്ളപ്പോഴാണ് ഇത് സംഭവിക്കുന്നത്. കുറേ പേരിലേക്കെങ്കിലും സൈബര്‍ തട്ടിപ്പിനെതിരെയുള്ള ബോധവല്ക്കരണ സന്ദേശങ്ങള്‍ എത്തപ്പെടുന്നില്ല. ഈ തിരിച്ചറിവില്‍ നിന്നാണ് സൈബര്‍ ബോധവല്ക്കരണ സന്ദേശങ്ങള്‍ പരമാവധി ജനങ്ങളിലേക്കെത്താന്‍ മില്‍മയുമായി കേരള പൊലീസിന്റെ സൈബര്‍ വിഭാഗം കൈകോര്‍ക്കുന്നത്.

ഓരോ മില്‍മ ഉപഭോക്താവിനെയും ജാഗ്രതയോടെ ഡിജിറ്റല്‍ ലോകത്തെ നേരിടാന്‍ പ്രാപ്തരാക്കുക എന്നതാണ് ഈ സംയുക്ത കാമ്പയിന്റെ ലക്ഷ്യമെന്ന് എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. സൈബര്‍ തട്ടിപ്പുകള്‍ക്ക് ഇരയാവുന്നവരില്‍ അധികവും ഇത്തരം കെണികളെക്കുറിച്ച് വേണ്ടത്ര അറിവില്ലാത്ത സാധാരണക്കാരാണ്. സമൂഹ മാധ്യമങ്ങളോ പത്രങ്ങളോ വാര്‍ത്താ ചാനലുകളോ എത്തിച്ചേരാത്ത സാധാരണക്കാര്‍ക്കിടയിലും ഉള്‍പ്രദേശങ്ങളില്‍ പോലും മില്‍മ പാല്‍ പാക്കറ്റുകള്‍ വ്യാപകമായി വിപണനം ചെയ്യപ്പെടുന്നതിനാല്‍ ജനങ്ങള്‍ അത് നിത്യേന ഉപയോഗിക്കുന്നുമുണ്ട്. ഏകദേശം 30 ലക്ഷം വീടുകളിലേക്ക് സൈബര്‍ സുരക്ഷാ സന്ദേശങ്ങളും ടോള്‍ഫ്രീ നമ്പറും എത്തിക്കാന്‍ ഈ കൂട്ടുകെട്ട് ഉപകരിക്കും. 

കേരള പൊലീസിന്റെ ഈ കാമ്പയിനുമായി എല്ലാവിധത്തിലുമുള്ള സഹകരണവും മില്‍മ ഉറപ്പുനല്‍കുന്നുവെന്നും ഇത് വഴി മില്‍മയുടെ സാമൂഹിക പ്രതിബദ്ധത ഊട്ടിയുറപ്പിക്കപ്പെടുമെന്നും മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു. നിലവില്‍ നല്‍കിവരുന്ന സൈബര്‍ ബോധവല്ക്കരണ സന്ദേശങ്ങളും ജാഗ്രതാ നിര്‍ദേശങ്ങളും ഫേസ്ബുക്, ഇന്‍സ്റ്റാഗ്രാം മുതലായ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന യുവജനതയില്‍ ഒതുങ്ങുന്നതുകാരണം വീട്ടമ്മമാരും ചെറുകിട ഹോട്ടല്‍ ജീവനക്കാരും മുതിര്‍ന്നവരുമടങ്ങുന്ന ഒരു ജനവിഭാഗത്തിലേക്കു എത്താതിരിക്കുന്നുണ്ട്. അതിനാലാണ് ഇത്തരക്കാര്‍ സൈബര്‍ ക്രിമിനലുകള്‍ക്കു ഇരയായിത്തീരുന്നത്. മില്‍മയുമായുള്ള സംയുക്ത കാമ്പയിനിലൂടെ ഇത് ഒരളവുവരെ പരിഹരിക്കുന്നതിനാണ് കേരള പൊലീസ് ലക്ഷ്യമിടുന്നത്.

Exit mobile version