Site iconSite icon Janayugom Online

സൈബർ സുരക്ഷ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും; വിദ്യാഭ്യാസ മന്ത്രി

അക്കാദമിക‑ഭരണ മേഖലകളിലെ ഫലപ്രദമായ സൈബർ ഉപയോഗവും സൈബർ സുരക്ഷയും പ്രാധാന്യത്തോടെ പുതിയ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

ഹൈസ്‌കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ വഴി മൂന്നു ലക്ഷം അമ്മമാർക്ക് സൈബർ സുരക്ഷാപരിശീലനം നൽകുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സർക്കാരിന്റ നൂറുദിന പദ്ധതിയുടെ ഭാഗമായി ആദ്യം രണ്ടു ലക്ഷം അമ്മാർക്കാണ് പരിശീലനം നൽകാൻ ഉദേശിച്ചിരുന്നത്. പിന്നീട് അത് മൂന്ന് ലക്ഷമാക്കി ഉയർത്തുകയായിരുന്നു.

ഇതിനോടുള്ള മികച്ച പ്രതികരണം കണക്കിലെടുത്ത് കുട്ടികൾക്കും അമ്മമാർക്കുമായി പത്തുലക്ഷം പേർക്ക് ഈ വർഷം പരിശീലനം നൽകുമെന്നും മന്ത്രി പറഞ്ഞു. മൂന്നു മണിക്കൂറിൽ അഞ്ചു സെഷനുകളിൽ 30 പേരുള്ള വിവിധ ബാച്ചുകളായി മേയ് 20 വരെ സംസ്ഥാനത്തെ രണ്ടായിരത്തോളം ഹൈസ്‌കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ വഴിയാണ് പരിശീലനം.

ഒരു വിദ്യാലയത്തിൽ കുറഞ്ഞത് 150 അമ്മമാർക്കാണ് നിലവിൽ പരിശീലനം നൽകുന്നത്. പുതിയ ലോകത്തെ അറിയൽ, സൈബർ ആക്രമണം പ്രതിരോധിക്കൽ, സൈബർ സുരക്ഷ, വ്യാജവാർത്തകൾ തിരിച്ചറിയലും വസ്തുതകൾ കണ്ടെത്തലും എന്നിങ്ങനെയുള്ള സെഷനുകൾ പ്രധാനമായും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ വിദ്യാർത്ഥികളാണ് കൈകാര്യം ചെയ്യുന്നത്. അമ്മമാർക്കുള്ള സൈബർ സുരക്ഷയെക്കുറിച്ചുള്ള കൈപ്പുസ്തകം മന്ത്രി പ്രകാശനം ചെയ്തു.

വനിതാകമ്മിഷൻ അധ്യക്ഷ അഡ്വ. പി സതീദേവി, എഡിജിപി മനോജ് എബ്രഹാം, ഡിജിഇ കെ ജീവൻ ബാബു, കൈറ്റ് സിഇഒ കെ അൻവർ സാദത്ത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 14 ജില്ലകളിലേയും പരിശീലന കേന്ദ്രങ്ങളിലായി തത്സമയം വീഡിയോ കോൺഫറൻസ് സംവിധാനവും ഏർപ്പെടുത്തിയിരുന്നു. തിരുവനന്തപുരം ജില്ലയിലെ പരിശീലന പരിപാടിയുടെ ഉദ്ഘാടനം പൂന്തുറ സെന്റ് ഫിലോമിനാസ് ഗേൾസ് എച്ച്എസിൽ നടന്നു.

Eng­lish sum­ma­ry; Cyber secu­ri­ty will be includ­ed in the cur­ricu­lum; Min­is­ter of Education

You may also like this video;

Exit mobile version