Site iconSite icon Janayugom Online

സൈബര്‍ യുദ്ധം; പാക് ചാരന്മാര്‍ ഇന്ത്യന്‍ പ്രതിരോധ സംവിധാനങ്ങളില്‍ കടന്നുകയറി

ഇന്ത്യന്‍ പ്രതിരോധ സംവിധാനങ്ങളുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ കടന്നുകയറി രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെന്ന് പാകിസ്ഥാന്‍ ഹാക്കര്‍ സംഘം. ഇന്ത്യന്‍ മിലിറ്ററി എന്‍ജിനീയറിങ് സര്‍വീസസ്, മനോഹര്‍ പരീക്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡിഫന്‍സ് സ്റ്റഡീസ് ആന്റ് അനാലിസിസ് തുടങ്ങിയ പ്രതിരോധസേനയുടെ വെബ്സൈറ്റുകളില്‍ നിന്ന് രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് ഹാക്കര്‍മാര്‍ അവകാശപ്പെടുന്നത്. പത്ത് ജി ബി ഡാറ്റ ചോര്‍ത്തിയതായി പാകിസ്ഥാന്‍ സൈബര്‍ ഫോഴ്സ് എക്സ് പോസ്റ്റില്‍ പറഞ്ഞു. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കെയാണ് പാകിസ്ഥാന്‍ ഹാക്കര്‍മാരുടെ അവകാശവാദം. എന്നാല്‍ ഇത്തരത്തിലൊരു ഹാക്കിങ് സംഭവിച്ചുവെന്നത് സംബന്ധിച്ച് ഇന്ത്യയുടെ ഭാഗത്തുനിന്ന് സ്ഥിരീകരണമുണ്ടായിട്ടില്ല. പ്രതിരോധസേനാ അംഗങ്ങളുടെ ലോഗിന്‍ ക്രഡന്‍ഷ്യലുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് ഹാക്കര്‍മാര്‍ അവകാശപ്പെടുന്നത്. സംഭവത്തില്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സികള്‍ അടിയന്തര അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. 

പ്രതിരോധ മന്ത്രാലയത്തില്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ആര്‍മേഡ് വെഹിക്കിള്‍ നിഗം ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ഹാക്കിങ് ശ്രമമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍കരുതലെന്ന നിലയില്‍ വെബ്സൈറ്റ് താല്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്. ഹാക്കിങ് ശ്രമത്തെ തുടര്‍ന്നുള്ള നാശനഷ്ടങ്ങള്‍ സംബന്ധിച്ച വിശദമായ ഓഡിറ്റ് നടന്നുവരികയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രതിരോധ മന്ത്രാലയത്തിന്റെ വിവിധ സൈറ്റുകള്‍ ആക്രമിക്കാനും ശ്രമം നടന്നിരുന്നു. കഴിഞ്ഞ മാസം 22നാണ് കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രമായ പഹല്‍ഗാമില്‍ പാകിസ്ഥാന്‍ തീവ്രവാദികള്‍ ആക്രമണം നടത്തിയത്. കശ്മീര്‍ സ്വദേശി ഉള്‍പ്പെടെ 26 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ സിന്ധുനദീജല കരാര്‍ മരവിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള ശക്തമായ നടപടികളിലേക്ക് ഇന്ത്യ കടന്നിരുന്നു. 

Exit mobile version