Site iconSite icon Janayugom Online

ദിത്വാ ചുഴലിക്കാറ്റ്: ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ദിത്വ ചുഴലിക്കാറ്റിനെ തുടർന്ന് ശ്രീലങ്കയിൽ സ്ഥിതി​ഗതികൾ മോശമായി തുടരുന്ന സാഹചര്യത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് അനുര കുമാര ദിസനായകേ. വെള്ളിയാഴ്ച ചേർന്ന സർവകക്ഷി യോഗത്തിന് ശേഷമാണ് തീരുമാനം. ഡോക്ടർമാരുടെ ട്രേഡ് യൂണിയൻ ദിസനായകെയ്ക്ക് അയച്ച കത്തിൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നടപടി സഹായകമാകുമെന്നാണ് വിലയിരുത്തല്‍.

വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 120ലധികം പേർ മരിച്ചു. ചുഴലിക്കാറ്റ് ആഞ്ഞടിച്ചതോടെ ശ്രീലങ്കയിൽ നിരവധി അടിസ്ഥാന സൗകര്യങ്ങൾ തകരുകയും ചെയ്ചു. കനത്ത മഴയും ശക്തമായ കാറ്റും രാജ്യത്ത് തുടരുന്നു അവസ്ഥയാണ്. രാവിലെ ഒമ്പത് വരെയുള്ള കണക്കനുസരിച്ച് ശ്രീലങ്കയിൽ 123 പേർ മരിച്ചു. 130 പേരെ കാണാതായി. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുള്ളതായി ദുരന്ത നിവാരണ സേന അറിയിച്ചു.

വെള്ളപ്പൊക്കത്തിൽ 44,192 കുടുംബങ്ങളിൽ നിന്നുള്ള 1,48,603 പേർ ദുരിതത്തിലായി. 5,024 കുടുംബങ്ങളിൽ നിന്നായി 14,000 ആളുകൾ 195 ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തിയതായും ഡിഎംസി അറിയിച്ചു. ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ പേമാരിയിൽ നിരവധി വീടുകൾ പൂർണ്ണമായും ഭാഗികമായും തകര്‍ന്നിരിക്കുകയാണ്. വ്യാപകമായ വെള്ളപ്പൊക്കവും മധ്യ കുന്നിൻ പ്രദേശങ്ങളിൽ മണ്ണിടിച്ചിലും ഉണ്ടായതോടെ പലയിടങ്ങളിലും ​ഗതാ​ഗതം തടസപ്പെട്ടു. 24 മണിക്കൂറിനുള്ളിൽ ശ്രീലങ്കയിലെ മധ്യ മാതലെ ജില്ലയിൽ 540 മില്ലിമീറ്റർ മഴ പെയ്തതായി അധികൃതർ പറഞ്ഞു.

ചുഴലിക്കാറ്റ് നാശം വിതച്ചതോടെ ദുരിതത്തിലായ ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യ ‘ഓപ്പറേഷൻ സാഗർ ബന്ധു’ ആരംഭിച്ചു. നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തും ഐഎൻഎസ് ഉദയ്ഗിരിയും വഴി ദുരിതാശ്വാസ സാമഗ്രികൾ എത്തി. അർദ്ധസൈനികരെയും ദുരിതാശ്വാസ സാമഗ്രികളെയും വഹിച്ചുകൊണ്ട് ഇന്ത്യൻ വ്യോമസേന സി-130, ഐഎൽ-76 എന്നീ രണ്ട് വിമാനങ്ങളും വിന്യസിച്ചു കഴിഞ്ഞു.

Exit mobile version