Site iconSite icon Janayugom Online

ദളിത് അതിക്രമങ്ങളുടെ വർധന

രാജ്യത്ത് ദളിത് വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ കഴിഞ്ഞ കുറച്ചുകാലങ്ങളായി വർധിച്ചുകൊണ്ടേയിരിക്കുകയാണ്. ഏറ്റവുമൊടുവിലത്തെ ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ (എൻസിആർബി) യുടെ കണക്കുകൾ പ്രകാരം പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങളിൽ 31.20% വർധനയാണുണ്ടായിരിക്കുന്നത്. വംശീയ അതിക്രമങ്ങളുടെ പേരിൽ കുപ്രസിദ്ധമായ മണിപ്പൂരിൽ 2023ൽ 3,399 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, 2022ൽ ഒരുകേസ് മാത്രമായിരുന്നു എന്നിടത്ത് വർധനയുടെ തോത് നിർണയിക്കാനാകാത്ത വിധം ഉയർന്നതാകുന്നു. ദേശീയതലത്തിൽ, പട്ടികവർഗക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത ആകെ കേസുകളുടെ എണ്ണം മുൻവർഷത്തെ 10,064ൽ നിന്ന് 12,960 ആയി ഉയർന്നു. പട്ടികജാതിക്കാർ (എസ്‌സി)ക്കെതിരെയുള്ള കുറ്റകൃത്യങ്ങളാകട്ടെ 2022ലെ 57,582 കേസുകളിൽ നിന്ന് 2023 ൽ 57,789 ആയാണ് വർധിച്ചത്. 2018ൽ ദളിതർക്കെതിരായ അതിക്രമങ്ങൾ 42,747 ആയിരുന്നത് 2019ൽ 45,876 ആയി. 2020ൽ കോവിഡിന്റെ നിയന്ത്രണങ്ങളുണ്ടായപ്പോൾ അത് 50,202 ആയി ഉയർന്നു. 2014ൽ നരേന്ദ്ര മോഡി പ്രധാനമന്ത്രിയായുള്ള ബിജെപി സർക്കാർ അധികാരമേറ്റതു മുതൽ ഈ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. എൻസിആർബി കണക്കുകൾ പുറത്തുവന്ന അതേദിവസം തന്നെയാണ് ബിജെപി ഭരിക്കുന്ന ഗുജറാത്തിൽ നിന്ന് ദളിത് അതിക്രമത്തിന്റെ വാർത്തയെത്തിയത്. മതാഘോഷപരിപാടിയിൽ വച്ച് ദളിത് സ്ത്രീയെ അധിക്ഷേപിക്കുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. നാല് സ്ത്രീകൾ ദളിത് സ്ത്രീയെ മുടിയിൽ പിടിച്ച് വലിച്ചിഴച്ചതായും പരാതിയുണ്ട്.

കേരളം പോലുള്ള സംസ്ഥാനങ്ങളിൽ തൊട്ടുകൂടായ്മയും സാമൂഹ്യ അനാചാരങ്ങളും നിർമ്മാർജനം ചെയ്തതാണെങ്കിലും രാജ്യത്തിന്റെ പല ഭാഗങ്ങളിലും അവ അതേപടി നിലനിൽക്കുന്നുണ്ട്. ജനനത്തെ അടിസ്ഥാനമാക്കി വിഭാഗീകരണം നടത്തുകയും സമൂഹത്തിന്റെ താഴേത്തട്ടിൽ പ്രതിഷ്ഠിച്ച് അവഗണിക്കുകയും ചെയ്യുന്നത് തുടരുകയുമാണ്. ബിജെപിയും സംഘ്പരിവാർ ശക്തികളും പിന്തുടരുന്ന മനുസ്മൃതിയുടെ അടിസ്ഥാനത്തിൽ ജനനത്തിന്റെയും വർണത്തിന്റെയും പേരിൽ സമൂഹത്തെ വിഭജിക്കുകയും ദളിത് വിഭാഗത്തിനെതിരെ അതിക്രമങ്ങൾ നടത്തുകയുമാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരം സംഭവങ്ങൾ കൂടുതലാണെന്ന് ഓരോ വർഷത്തെയും എൻസിആർബി കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാകുന്നതാണ്. ഹരിയാന, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡി ഷ, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ ക്രമാനുഗതമായി വർധിച്ചു. 2020ൽ മാത്രം ഉത്തർപ്രദേശിൽ ആകെ 12,714 കേസുകളുണ്ടായി. അതിൽ 3955 പേർ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ഹരിയാനയിൽ 1210 കേസുകളിൽ 12, മധ്യപ്രദേശ് 6,899ല്‍ 791, മഹാരാഷ്ട്ര 2,569ൽ 87, ഒഡിഷ 2046ൽ 5, രാജസ്ഥാൻ 7,017ൽ 886 എന്നിങ്ങനെയാണ് ആ വർഷം റിപ്പോർട്ട് ചെയ്തതും ശിക്ഷിക്കപ്പെട്ടതുമായ കേസുകളുടെ എണ്ണം. കേസുകളുടെയും ശിക്ഷിക്കപ്പെടുന്നവരുടെയു‍ം എണ്ണത്തിലുള്ള ഗണ്യമായ വ്യത്യാസത്തിൽ നിന്നുതന്നെ ഇക്കാര്യത്തിലുള്ള ബിജെപി സർക്കാരുകളുടെ ഉദാസീനതയും വിഭാഗങ്ങളോടുള്ള വിവേചനവും ബോധ്യപ്പെടുന്നതാണ്.

പല വിധത്തിലുള്ള വിവേചനങ്ങളും അതിക്രമങ്ങളുമാണ് ഈ വിഭാഗങ്ങൾ നേരിടുന്നത്. 2022ൽ രാജസ്ഥാനിലെ ജലോറിലെ സ്കൂളിൽ കലത്തിൽ നിന്ന് വെള്ളം കുടിച്ചതിന് അധ്യാപകൻ മർദിച്ച ഒമ്പത് വയസുള്ള ദളിത് വിദ്യാർത്ഥിയാണ് മരിച്ചതെങ്കിൽ 2024 ഒക്ടോബറിൽ ബിഹാറിലെ മുസാഫർപൂർ ജില്ലയിൽ ദളിത് യുവാവിനെ ആക്രമിക്കുകയും ശരീരത്തിൽ മൂത്രമൊഴിക്കുകയുമായിരുന്നു. കൂലി ചോദിച്ചതിനായിരുന്നു ഈ ശിക്ഷ. ലഖ്നൗവിൽ പകൽ ഉറങ്ങുകയായിരുന്ന ദളിത് തൊഴിലാളിയുടെ മുഖത്താണ് മൂത്രമൊഴിച്ചത്. 2023 ഏപ്രിലിൽ മധ്യപ്രദേശിലെ സിദ്ധിൽ ബിജെപി എംഎൽഎയുടെ പ്രതിനിധി ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവവുമുണ്ടായി. ഗുജറാത്തിലെ അഹമ്മദാബാദിൽ മീശ വളർത്തിയതിനാണ് ദളിത് യുവാവ് മർദനത്തിനിരയായത്. മധ്യപ്രദേശിൽ, ഒരു ദളിത് തൊഴിലാളിയുടെ അഞ്ച് മാസം ഗർഭിണിയായ ഭാര്യ അവരുടെ കുട്ടികളുടെ മുന്നിൽ വച്ച് ബലാത്സംഗം ചെയ്യപ്പെട്ടു. അധികൃതരുടെ നിസംഗതയും സംഘ്പരിവാറുകാരുടെ വർണവിവേചനവും കൂടിച്ചേരുമ്പോൾ രാജ്യത്തെ ദളിത് വിഭാഗങ്ങൾ അനുഭവിക്കേണ്ടിവരുന്ന പീ‍ഡനങ്ങളുടെ നേർചിത്രങ്ങളിൽ ചിലതാണ് ഇവയൊക്കെ. സവർണ വിഭാഗങ്ങളുടേതുപോലെ വിവാഹഘോഷയാത്രകൾ പാടില്ല, കുതിരപ്പുറത്തേറി സഞ്ചരിക്കരുത് തുടങ്ങിയ വിലക്കുകളും നേരിടേണ്ടിവരുന്നു.

പാർലമെന്റിലും നിയമസഭകളിലും പ്രതിപക്ഷവും പൊതുവിടങ്ങളിൽ മനുഷ്യാവകാശ പ്രവര്‍ത്തകരും വിഷയം ഉന്നയിക്കുകയും നടപടി ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങൾ നടത്തുകയും ചെയ്യുന്നുവെങ്കിലും നടപടികളുണ്ടാകുന്നില്ല. പ്രത്യേകിച്ച് ബിജെപി സർക്കാരുകളുള്ള സംസ്ഥാനങ്ങളിൽ. രാജ്യത്തിന്റെ ഭരണഘടന പ്രത്യേക സംരക്ഷണം നൽകണമെന്ന് നിഷ്കർഷിച്ചിരിക്കുന്ന വിഭാഗമാണ് ഈവിധം പ്രശ്നങ്ങളെയും അതിക്രമങ്ങളെയും അഭിമുഖീകരിക്കുന്നത്. പലപ്പോഴും ബിജെപി സർക്കാരുകൾ ഇരകളെയല്ല, വേട്ടക്കാരെ സംരക്ഷിക്കുന്ന സമീപനം സ്വീകരിക്കുന്നുവെന്നാണ് മേൽ ഉദ്ധരിച്ചിട്ടുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ ദളിത് അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിന് പക്ഷപാത രഹിതമായ കർശന നടപടികൾ ഉണ്ടാകേണ്ടതുണ്ട്.

Exit mobile version