Site iconSite icon Janayugom Online

മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവതിയ്ക്ക് നേരെ പൊലീസ് അതിക്രമം; ഉദ്യോഗസ്ഥർക്കെതിരെ പരാതി

തിരുവനന്തപുരം പേരൂർക്കടയിൽ മോഷണക്കുറ്റം ആരോപിച്ച് ദളിത് സ്ത്രീക്ക് നേരെ പൊലീസ് അതിക്രമം. പേരൂർക്കട സ്വദേശിനിയായ ബിന്ദുവാണ് പൊലീസിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ജോലി ചെയ്യുന്ന വീട്ടിലെ സ്വർണമാല മോഷ്ടിച്ചെന്ന് ആരോപിച്ചാണ് പൊലീസ് ബിന്ദുവിനെ കസ്റ്റഡിയിലെടുത്തത്. മാല മോഷ്ടിച്ചില്ലെന്ന് വിശദമാക്കിയതിന് പിന്നാലെ പെൺമക്കളെയും കേസിൽ കുടുക്കുമെന്ന് ഭീഷണിപെടുത്തി പൊലീസുകാർ കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നാണ് ബിന്ദു പറയുന്നത്. പൊലീസ് സ്റ്റേഷനിൽവെച്ച് വെള്ളം ചോദിച്ചപ്പോൾ ശുചിമുറിയിൽ പോയി കുടിക്കാൻ പൊലീസ് നിർദ്ദേശിച്ചെന്നും, രാത്രി മുഴുവൻ ചോദ്യം ചെയ്യലിന് വിധേയയാക്കിയെന്നും ബിന്ദു ആരോപിച്ചു.

കഴിഞ്ഞ മാസം 23‑നായിരുന്നു സംഭവം. ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ബിന്ദുവിനെ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിക്കുന്നത്. വീട്ടുടമസ്ഥയുടെ രണ്ടര പവൻ മാല മോഷ്ടിച്ചെന്നായിരുന്നു ആരോപണം. താൻ മോഷ്ടിച്ചിട്ടില്ലെന്ന് ബിന്ദു പൊലീസുകാരുടെ കാലു പിടിച്ചു പറഞ്ഞെങ്കിലും അത് ശ്രദ്ധിച്ചില്ലെന്ന് മാത്രമല്ല കസ്റ്റഡിയിലെടുത്ത കാര്യം പൊലീസ് വീട്ടിലറിയിച്ചുമില്ല. വീട്ടിലേക്ക് വിളിക്കണമെന്ന ആവശ്യവും പൊലീസുകാർ അനുവദിച്ചില്ലെന്നും ബിന്ദു ആരോപിച്ചു. പിന്നീട് മാല വീണ്ടെടുക്കാൻ ബിന്ദുവുമായി പൊലീസ് വീട്ടിലേയ്ക്കെത്തിയപ്പോള്‍ മാത്രമാണ് കസ്റ്റഡിയിലാണെന്ന കാര്യം വീട്ടുകാർ അറിയുന്നത്. എസ് ഐ പ്രസാദ്, പ്രസന്നൻ അടക്കം മൂന്ന് ഉദ്യോഗസ്ഥർക്കെതിരെയാണ് ഗുരുതര ആരോപണം ഉയർന്നിട്ടുള്ളത്. രാവിലെ മാല കിട്ടിയെന്ന് വീട്ടുടമസ്ഥ അറിയിച്ചതോടെയാണ് ബിന്ദുവിനെ വിട്ടയയ്ക്കുന്നത്. ഇനി കവടിയാറോ അമ്പലമുക്ക് മേഖലയിൽ കാണരുതെന്നും നാട് വിട്ട് പൊയ്ക്കോളണമെന്നുമാണ് വിട്ടയയ്ക്കുമ്പോൾ ബിന്ദവിനോട് എസ്ഐ പ്രസാദ് നൽകിയിരിക്കുന്ന നിർദ്ദേശം. പൊലീസ് സ്റ്റേഷനിലെ അതിക്രമങ്ങളെക്കുറിച്ച് ബിന്ദു സംസ്ഥാന പൊലീസ് കംപ്ലയിന്റ്സ് അതോറിറ്റിക്ക് പരാതി നൽകിയിട്ടുണ്ട്. 

Exit mobile version