Site iconSite icon Janayugom Online

ദല്ലേവാളിന്റെ നിരാഹാരം: 31 നകം ആശുപത്രിയിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി

നിരാഹാരം നടത്തുന്ന കർഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റാത്തതില്‍ പഞ്ചാബ് സർക്കാരിന് വീണ്ടും സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. 31ന് മുമ്പ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് കോടതി അന്ത്യശാസനം നല്‍കി. ദല്ലേവാളിന് ചികിത്സാ സഹായം നല്‍കാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്നാണ് വ്യക്തമാകുന്നതെന്നും കോടതി വിമര്‍ശിച്ചു. സാഹചര്യം വഷളാക്കിയതിനും മുൻ വിധികൾ പാലിക്കാത്തതിനെയും കോടതി രൂക്ഷമായി വിമർശിച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചിന്റേതാണ് ഉത്തരവ്.

കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിനായി ഒരു മാസത്തിലധികമായി ഹരിയാനയിലെ ഖനൗരി അതിർത്തിയിൽ നിരാഹാര സമരമിരിക്കുന്ന ദല്ലേവാളിന്റെ ആരോഗ്യനില വഷളായി തുടരുകയാണ്. കർഷകര്‍ ശക്തമായി എതിർക്കുന്നതുകൊണ്ടാണ് ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റാൻ കഴിയാത്തതെന്ന് പഞ്ചാബ് സർക്കാർ കോടതിയെ അറിയിച്ചു. മിനിമം താങ്ങുവില നിയമപരമാക്കുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പഞ്ചാബ് ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകര്‍ സമരം ആരംഭിച്ചത്. 

Exit mobile version