Site iconSite icon Janayugom Online

സിത്താര്‍ കേടാക്കി; എയർ ഇന്ത്യയ്ക്കെതിരെ അനൗഷ്ക ശങ്കർ

വിമാനയാത്രയ്ക്കിടെ തന്റെ സംഗീതോപകരണമായ സിത്താറിന് കേടുപാടുകൾ സംഭവിച്ചതിൽ എയർ ഇന്ത്യയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രശസ്ത സിത്താർ വാദക അനൗഷ്ക ശങ്കർ. ഒരു ഇന്ത്യൻ വിമാനക്കമ്പനിയിൽ പോലും ഇന്ത്യൻ വാദ്യോപകരണങ്ങൾക്ക് സുരക്ഷയില്ലെന്നും സംഭവത്തിൽ തനിക്ക് കടുത്ത നിരാശയുണ്ടെന്നും അവർ സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചു.
ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. സിത്താറിന്റെ അടിഭാഗത്ത് വിള്ളൽ വീണതിന്റെ ദൃശ്യങ്ങളും അനൗഷ്ക പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ 15–16 വർഷമായി താൻ ലോകമെമ്പാടും യാത്ര ചെയ്യുന്നുണ്ടെന്നും, ഇക്കാലയളവിനുള്ളിൽ ഇത്തരമൊരു അനുഭവം ആദ്യമായാണെന്നും അനൗഷ്ക പറഞ്ഞു. വാദ്യോപകരണങ്ങൾ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിന് അധിക തുക (ഹാൻഡ്‍ലിങ് ഫീ) നൽകിയിരുന്നു. എന്നിട്ടും ഇത്ര അലക്ഷ്യമായിട്ടാണ് അവർ അത് കൈകാര്യം ചെയ്തത്. സിത്താർ ട്യൂൺ ചെയ്യാൻ നോക്കുമ്പോഴാണ് തകരാർ ശ്രദ്ധയില്പെട്ടത്. ഒരു ഇന്ത്യൻ വിമാനക്കമ്പനി നമ്മുടെ തന്നെ പൈതൃകമായ ഒരു വാദ്യോപകരണത്തോട് ഇത്രയും മോശമായി പെരുമാറുന്നത് കാണുമ്പോൾ അതിയായ സങ്കടമുണ്ടെന്നും അനൗഷ്ക പറഞ്ഞു.
വിഷയം വിവാദമായതോടെ ഖേദപ്രകടനവുമായി എയർ ഇന്ത്യ രംഗത്തെത്തി. യാത്രക്കാരിയുടെ പരാതി ഗൗരവമായി കാണുന്നുവെന്നും ഡൽഹി വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം ആരംഭിച്ചതായും എയർ ഇന്ത്യ വക്താവ് അറിയിച്ചു.

Exit mobile version