കല്യാട് മോഷണം നടന്ന വീട്ടിലെ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം. വായിൽ സ്ഫോടക വസ്തു തിരുകി പൊട്ടിച്ച് അതിക്രൂരമായ കൊലപാതകം. വീട്ടിലെ മരുമകൾ കല്യാട് ചുങ്കസ്ഥാനം സ്വദേശി എ.പി.സുഭാഷിന്റെ ഭാര്യ ദർഷിതയെയാണ്(22) കർണാടക സാലിഗ്രാമിലെ ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ക്വാറികളിൽ ഉപയോഗിക്കുന്ന ഇലക്ട്രിക് ഡിറ്റനേറ്റർ വായിൽ വച്ച് പൊട്ടിച്ചാണ് യുവതിയെ കൊലപ്പെടുത്തിയിരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കർണാടക പെരിയപട്ടണം സ്വദേശി സിദ്ധരാജുവിനെ (22) സാലിഗ്രാം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദർഷിതയുടെ ഭർത്താവിന്റെ വീട്ടിൽ നിന്ന് 30 പവൻ സ്വർണവും നാല് ലക്ഷം രൂപയും കഴിഞ്ഞ ദിവസം കാണാതായിരുന്നു. മോഷണം നടന്നതിന് പിന്നാലെ ദർഷിതയെ കാണാതായപ്പോൾ മോഷണത്തിന് പിന്നിൽ ഇവരാണോ എന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. ലോഡ്ജിൽവച്ച് ദർഷിതയും സിദ്ധരാജുവും തമ്മിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. മുഖമുൾപ്പെടെ വികൃതമായ നിലയിലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദർഷിതയുടെ ഭർത്താവിന്റെ വീട്ടിൽ മോഷണം നടന്നത്.

