Site iconSite icon Janayugom Online

പരസ്പര സമ്മതത്തോടെ ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതിന് ജനനതീയതി പരിശോധിക്കാനാവില്ല; പ്രതിക്ക് ജാമ്യം നല്‍കി കോടതി

ഒരു വ്യക്തിയുമായി ഉഭയസമ്മതത്തോടെ ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്പ് ജനനതീയതി പരിശോധിക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ആധാര്‍ കാര്‍ഡോ പാന്‍ കാര്‍ഡോ കാണുകയോ പങ്കാളിയുടെ ജനനത്തീയതി അവളുടെ സ്‌കൂള്‍ രേഖകളില്‍ നിന്ന് പരിശോധിക്കുകയോ ചെയ്യേണ്ട ആവശ്യമില്ലെന്ന് കോടതി പറഞ്ഞു. തനിക്കെതിരെ ബാലപീഡന നിയമത്തിലെ വ്യവസ്ഥകള്‍ ഉപയോഗിക്കാനായി മാത്രമാണ് ഇര ജനനതീയ്യതി നല്‍കിയതെന്ന പ്രതി ഭാഗം വാദത്തിലായിരുന്നു കോടതിയുടെ നിരീക്ഷണം.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിലെ പ്രതിക്കു ജാമ്യം നല്‍കിക്കൊണ്ടാണ് ഹൈക്കോടതി വിധി. സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനു ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുന്ന കേസാണ് ഇതെന്ന് കോടതി സംശയം പ്രകടിപ്പിച്ചു. ആധാര്‍ കാര്‍ഡില്‍ 01.01.1998 ആണ് പരാതിക്കാരിയുടെ ജനന തീയതി. സംഭവം നടക്കുമ്പോള്‍ അവര്‍ക്കു പ്രായപൂര്‍ത്തിയായിരുന്നുവെന്നു കരുതാന്‍ ഇതു മതിയാവുമെന്ന് കോടതി അഭിപ്രായപ്പെട്ടു.

മറ്റൊരു വ്യക്തിയുമായി ഉഭയസമ്മതത്തോടെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തി, ജനനതീയതി ജുഡീഷ്യല്‍ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതില്ല. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവ കണ്ട് ജനനത്തീയതി പരിശോധിക്കേണ്ട ആവശ്യമില്ലെന്നും കോടതി പറഞ്ഞു. പരാതിക്കാരിയുടെ അക്കൗണ്ടിലേക്കു വലിയ തോതില്‍ പണം വന്നിട്ടുണ്ട്. ഹണി ട്രാപ് കേസാണോ ഇതെന്ന് അന്വേഷിക്കേണ്ടതുണ്ട്. അക്കൗണ്ടിലേക്കു പണം വന്നതിനെക്കുറിച്ചും വ്യത്യസ്ത ജനന തീയതികള്‍ എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ചും അന്വേഷിക്കാന്‍ കോടതി പൊലീസ് കമ്മിഷണറോട് നിര്‍ദേശിച്ചു. ഇവര്‍ മറ്റാര്‍ക്കെങ്കിലും എതിരെ സമാനമായ പരാതി ഉന്നയിച്ചിട്ടുണ്ടോയെന്നും പരിശോധിക്കണമെന്ന് പൊലീസിന് കോടതി നിര്‍ദേശം നല്‍കി.

Eng­lish sum­ma­ry; Date of birth can­not be ver­i­fied for con­sen­su­al inter­course; The court grant­ed bail to the accused

You may also like this video;

Exit mobile version