Site iconSite icon Janayugom Online

ഒ മാധവന്റെ 100-ാം ജന്മവാര്‍ഷികം: കാളിദാസ കലാകേന്ദ്രത്തിന്റെ 61മത് നാടകം കലാകേരളത്തിന് സമര്‍പ്പിച്ച് മകള്‍ സന്ധ്യാ രാജേന്ദ്രൻ

കാളിദാസ കലാകേന്ദ്രത്തിന്റെ 61മത് നാടകം കലാകേരളത്തിനു സമര്‍പ്പിച്ച് ഒ മാധവന്റെ മകള്‍ സന്ധ്യാ രാജേന്ദ്രൻ. പ്രശസ്ത നാടക കലാകാരനായ ഒ മാധവന്റെ നൂറാമത് ജന്മവാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് മകള്‍ അച്ഛന്റെ ഓര്‍മ്മയ്ക്ക് നാടകം സമര്‍പ്പിക്കുന്നത്. നടനും എംഎല്‍എയുമായ മുകേഷും ഒ മാധവന്റെ മകനാണ്. 

‘എന്റെ അച്ഛൻ ഒ മാധവന്റെ 100 മത് ജന്മവാർഷികമാണ് ഈ വർഷം. അച്ഛൻ എന്നും ഒരു നല്ല ഗുരു ആയിരുന്നു. സ്വന്തമിഷ്ടപ്രകാരം ജീവിക്കാനുള്ള ഉൾക്കരുത്തും തന്റേടവും തന്നത് അദ്ദേഹമാണ്. നല്ലതും ചീത്തയും തിരച്ചിറയാനുള്ള വിവേക ബുദ്ധി പഠിച്ചത് അദ്ദേഹത്തിൽ നിന്നാണ്. എന്റെ കുട്ടികാലത്ത് മറ്റു കുട്ടികൾ അനുഭവിക്കുന്ന ജീവിത സാഹചര്യങ്ങളേക്കാൾ എത്രയോ മികച്ച സൗകര്യങ്ങളാണ് അച്ഛൻ ഞങ്ങൾക്ക് തന്നിട്ടുള്ളത്. ഇന്ന് ഞാനോർക്കുകയാണ്. ആ സൗകര്യങ്ങൾ ഞങ്ങൾക്ക് തരാൻ അദ്ദേഹം എത്ര കഷ്ടപ്പെട്ടിട്ടുണ്ടാവണം. ഒന്നും പുറത്ത് കാണിക്കാതെ ഉള്ളുരുക്കത്തെ തുളുമ്പി കളയാതെ, എന്തെല്ലാം സ്വയം ത്യജിച്ചാവും അദ്ദേഹം ജീവിച്ചിട്ടുണ്ടാവുക, ഓരോ നാണയ തുട്ടും കളയാതെ കരുതി വെച്ച് ഒരു വലിയ കുടുബത്തെ അദ്ദേഹം അല്ലലില്ലാതെ മുന്നോട്ടു കൊണ്ടുപോയി.

ഏതൊരച്ഛനും ഈ രീതി തന്നെയാവും തായ് വേര് മണ്ണിലുറപ്പിച്ച് നിവർന്ന് നിന്ന് തന്റെ ശിഖരങ്ങൾ നീട്ടി വിടർത്തി, കുടുബത്തെ തണലിലൊതുക്കി„ വെയിലും തീയും കൊണ്ട് വെന്തു നിൽക്കുന്നവൻ. അച്ഛൻ ഒരു കരുത്താണ്, ആ ബലമാണ് മക്കളെ അഭിമാനത്തോടെ മുന്നോട്ടു നടക്കാൻ പ്രേരിപ്പിക്കുന്നതും.

അച്ഛനെ സ്നേഹിക്കുന്ന എല്ലാ മക്കൾക്കും വേണ്ടിയാണ് കാളിദാസ കലാകേന്ദ്രം 61മത് നാടകം കലാകേരളത്തിനു സമർപ്പിക്കുന്നത്.’-അച്ഛൻ, സന്ധ്യ രാജേന്ദ്രൻ കുറിച്ചു. 

You may also like this video

Exit mobile version