Site iconSite icon Janayugom Online

ലൂവ്ര് മ്യൂസിയത്തിലെ പകല്‍ക്കൊള്ള; മോഷണ ദൃശ്യങ്ങള്‍ പുറത്ത്

പ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിലെ പകല്‍ക്കൊള്ളയുടെ ദൃശ്യങ്ങള്‍ പുറത്ത്. ഫ്രാൻസിലെ ബിഎഫ്എംടിവിയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. മോഷ്ടാവ് പ്രദര്‍ശനത്തിനായി വച്ചിരുന്ന രത്നങ്ങള്‍ സൂക്ഷിച്ചിരുന്ന ചില്ല് കൂട് തക‍ര്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മുഖംമൂടി ധരിച്ച മോഷ്ടാക്കളിലൊരാള്‍ ഹാന്‍ഡ് ഹെല്‍ഡ് ടൂള്‍ ഉപയോഗിച്ചാണ് ഗ്ലാസ് ഡിസ്പ്ലേ പൊളിക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നാല് പേര്‍ ചേര്‍ന്നാണ് കവര്‍ച്ച നടത്തിയിരിക്കുന്നത്. മ്യൂസിയം സഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്ത് ഏകദേശം 40 മിനിറ്റിന് ശേഷമാണ് ഇവര്‍ അകത്ത് പ്രവേശിച്ചത്. വിലമതിക്കാനാകാത്ത എട്ട് സാംസ്ക്കാരിക പൈതൃക വസ്തുക്കളാണ് മോഷ്ടിക്കപ്പെട്ടത്. കവര്‍ച്ചക്കാര്‍ സ്ഥിരം മോഷണം നടത്തുന്നവരാണെന്നും ഒരുപക്ഷേ വിദേശികളായിരിക്കാമെന്നും ഫ്രാന്‍സ് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. 

മോഷ്ടിക്കപ്പെട്ട വസ്തുക്കളിൽ പത്തൊൻപതാം നൂറ്റാണ്ടിലെ ഫ്രഞ്ച് രാജ്ഞിമാരായ മേരി-അമേലി, ഹോർട്ടൻസ് എന്നിവരുടെ നീലക്കല്ല് കിരീടം, മാല, ഒറ്റ കമ്മൽ എന്നിവ ഉൾപ്പെടുന്നു നെപ്പോളിയൻ ബോണപാർട്ടിന്റെ രണ്ടാം ഭാര്യയായ മേരി-ലൂയിസിന്റെ ഒരു മരതക മാലയും കമ്മലുകളും ഒരു റെലിക്വറി ബ്രൂച്ച്; ചക്രവർത്തി യൂജീനിയുടെ കിരീടം എന്നിവയും മോഷ്ടിക്കപ്പെട്ട വസ്തുക്കളില്‍ ഉള്‍പ്പെടുന്നു. നിര്‍മ്മാണ തൊഴിലാളികളുടെ വേഷത്തിലായിരുന്നു കവര്‍ച്ചാ സംഘം അകത്ത് പ്രവേശിച്ചത്. 

Exit mobile version