Site icon Janayugom Online

ദളിത്, വനിതാ പ്രാതിനിധ്യമില്ലാതെ ഡിസിസി പ്രസിഡന്റ് പട്ടിക; അഞ്ച് ജില്ലകളില്‍ അവസാന നിമിഷം തിരുകി കയറ്റൽ

കോണ്‍ഗ്രസിന്റെ പുതിയ ഡിസിസി പ്രസിഡന്റുമാരുടെ അന്തിമ പട്ടിക കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി. ദളിത്, വനിതാ പ്രാതിനിധ്യമില്ലാതെയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. തിരുവനന്തപുരം, ഇടുക്കി, കോട്ടയം, വയനാട്, കാസര്‍കോട് തുടങ്ങിയ അഞ്ച് ജില്ലകളില്‍ അവസാന നിമിഷമാണ് മാറ്റമുണ്ടായത്. തിരുവനന്തപുരത്ത് പാലോട് രവിയാണ് ഡിസിസി അധ്യക്ഷനായി എത്തുന്നത്.

ഇടുക്കിയില്‍ രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദേശപ്രകാരം എസ് അശോകനെയാണ് പരിഗണിച്ചത്. കോട്ടയത്ത് ഫില്‍സണ്‍ മാത്യുവും വയനാട് രാഹുല്‍ ഗാന്ധിയുടെ പ്രതിനിധിയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍ ഡി അപ്പച്ചനും ഇടം പിടിച്ചു. കാസര്‍ഗോഡ് പി കെ ഫൈസലാണ് ഡിസിസി അധ്യക്ഷനാവുന്നത്. ആലപ്പുഴയില്‍ രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായ ബാബു പ്രസാദിന്റെ പേരായിരുന്നു ഉയര്‍ന്ന് കേട്ടതെങ്കിലും അവസാന നിമിഷം കെ സി വേണുഗോപാലിന്റെ നോമിനി കെ പി ശ്രീകുമാര്‍ ആണ് പട്ടികയില്‍ ഇടം പിടിച്ചത്.

പത്തനംതിട്ടയില്‍ സതീഷ് കൊച്ചുപറമ്പില്‍, കൊല്ലം രാജേന്ദ്ര പ്രസാദ്, എറണാകുളം മുഹമ്മദ് ഷിയാസ്, തൃശൂര്‍ ജോസ് വളളൂര്‍, പാലക്കാട് എ തങ്കപ്പന്‍, കോഴിക്കോട് കെ പ്രവീണ്‍ കുമാര്‍, മലപ്പുറം വി എസ് ജോയ്, കണ്ണൂര്‍ മാര്‍ട്ടിന്‍ ജോര്‍ജ് എന്നിവരാണ് ഡിസിസി പ്രസിഡന്റുമാരാകുക.

അതേസമയം ഡിസിസി പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആരോപണങ്ങളും പ്രതിഷേധവും ഉയര്‍ന്നിരുന്നു. കെ സുധാകരൻ ഗ്രൂപ്പുകൾക്കപ്പുറം നേട്ടം കൊയ്യാൻ നോക്കിയെങ്കിലും കെ സി വേണുഗോപാൽ പിടിമുറുക്കുകയാണ് ചെയ്തത്
നിലവിലെ പട്ടികയില്‍ കെ സി വേണുഗോപാലിന്റെ അപ്രമാദിത്തമാണെന്നാണ് എ, ഐ ഗ്രൂപ്പുകള്‍ ആരോപിക്കുന്നത്. നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ശശി തരൂര്‍, ഉമ്മന്‍ചാണ്ടി എന്നിവര്‍ക്കെതിരെ പ്രതിഷേധ പോസ്റ്ററുകള്‍ ഉയര്‍ന്നിരുന്നു. കോഴിക്കോടും എം കെ രാഘവനെതിരെ പ്രതിഷേധ പോസ്റ്ററുകൾ ഉയർന്നിരുന്നു.

Eng­lish sum­ma­ry: DCC selec­tion in congress

You may also like this video:

Exit mobile version