Site icon Janayugom Online

സൈകോവ് ഡി വാക്സിന് അനുമതി; സൂചി കൊണ്ട് കുത്തിവയ്പ്പില്ല

സൈഡസ് കാഡിലയുടെ സൈകോവ് ഡി വാക്സിന്‍റെ അടിയന്തര ഉപയോഗത്തിന് ഡിസിജി‌ഐ അനുമതി നല്‍കി. രാജ്യത്ത് അനുമതി ലഭിക്കുന്ന ആറാമത്തെയും പൂര്‍ണമായും തദ്ദേശീയമായ രണ്ടാമത്തെയും കോവിഡ് വാക്സിനാണ് സൈഡസ് കാഡിലയുടേത്.

അഹമ്മദാബാദ് ആസ്ഥാനമായ കാഡില ഹെല്‍ത്ത് കെയര്‍ ലിമിറ്റഡിന്‍റെ സൈകോവ് ഡി ആദ്യ പ്ലാസ്മിഡ് ഡിഎന്‍എ വാക്സീനാണ്. 28 ദിവസത്തെ ഇടവേളകളില്‍ മൂന്ന് ഡോസ്. സൂചി കൊണ്ട് കുത്തിവയ്പ്പില്ല. പകരം ജെറ്റ് ഇഞ്ചക്ടര്‍ ഉപയോഗിച്ച് ചര്‍മ്മത്തോട് ചേര്‍ന്നുള്ള കോശങ്ങളിലേയ്ക്ക് വാക്സിന്‍ കടത്തിവിടുന്നു. സൂചി ഉപയോഗിച്ച് വാക്സിന്‍ നല്‍കുമ്പോഴത്തെ വേദനയും കുത്തിവയ്പ്പെടുത്ത ഭാഗത്തെ പാര്‍ശ്വഫലങ്ങളും ഒഴിവാക്കാം.

കോവാക്സിനുശേഷം പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ച വാക്സീന്‍. ലക്ഷണങ്ങളോടു കൂടിയ കോവിഡിനെ 66.6 ശതമാനം പ്രതിരോധിച്ചതായാണ് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നു. 12നും 18നും ഇടയില്‍ പ്രായമുള്ള ആയിരം പേരുള്‍പ്പടെ 28,000 പേരില്‍ പരീക്ഷണം നടന്നു.

അതിനിടെ, ഇന്ത്യയില്‍ 12നും 17നും ഇടയില്‍ പ്രായമുള്ളവരിലെ പരീക്ഷണത്തിന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ അനുമതി തേടി. രാജ്യത്ത് 24 മണിക്കൂറിനിടെ 36,571 കോവിഡ് കേസുകളും 540 മരണവും റിപ്പോര്‍ട്ട് ചെയ്തു. രോഗമുക്തി നിരക്ക് 97.54 ശതമാനമായി ഉയര്‍ന്നു.

Eng­lish sum­ma­ry; dcgi approves zycov-d-covid-vaccine

You may also like this video;

Exit mobile version