Site iconSite icon Janayugom Online

ഇടപ്പള്ളിയിൽ വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

ഇടപ്പള്ളിയിൽ വയോധികയെ വീടിനുള്ളിൽ രക്തം വാർന്നു മരിച്ച നിലയിൽ കണ്ടെത്തി. പ്രതീക്ഷ നഗർ റെസിഡൻസ് അസോസിയേഷൻ സപ്തസ്വര വീട്ടിൽ വനജ (70) ആണ് കൊല്ലപ്പെട്ടത്. കിടപ്പുമുറിയിൽ ശരീരത്തിൽ മുറിവുകളുമായി മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് സമീപത്തുനിന്നും ഒരു കത്തിയും പൊലീസ് കണ്ടെടുത്തു.

സംഗീത അധ്യാപികയായിരുന്ന വനജ ശാരീരിക അവശതകൾ മൂലം വീടിന് പുറത്തിറങ്ങാറുണ്ടായിരുന്നില്ല. വനജയുടെ അനിയത്തിയുടെ മകളും ഭർത്താവുമാണ് ഇവർക്കൊപ്പം താമസിച്ചിരുന്നത്. ഇരുവരും ജോലി കഴിഞ്ഞ് രാത്രി ഒൻപത് മണിയോടെ തിരിച്ചെത്തിയപ്പോഴാണ് ക്രൂരമായ സംഭവം പുറത്തറിയുന്നത്. വീടിന്റെ ഗേറ്റ് പൂട്ടാതിരുന്നതിനാൽ വാതിൽ തുറന്ന് അകത്തുകയറിയ ബന്ധുക്കൾ കണ്ടത് രക്തം തളംകെട്ടി നിൽക്കുന്നതാണ്. പിന്നീട് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവം നടക്കുമ്പോൾ വീട്ടിലെ വളർത്തുനായയും മുറിക്കുള്ളിൽ ഉണ്ടായിരുന്നു. എളമക്കര പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഇതൊരു കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റിയിട്ടുണ്ട്. വനജയുടെ ഭർത്താവ് പരേതനായ വാസുവാണ്.

Exit mobile version