വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ തൂക്കിലേറ്റുന്ന നിലവിലെ രീതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ജനുവരി 21ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി. വധശിക്ഷ നടപ്പിലാക്കാൻ വേദനാജനകമല്ലാത്ത രീതികള്‍ ഉപയോഗിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് അടുത്തവര്‍ഷം പരിഗണിക്കണമെന്ന അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.
ഹര്‍ജി നീണ്ടു പോവുകയാണെന്ന് അഭിഭാഷകൻ ഋഷി മൽഹോത്ര ബെഞ്ചിനെ അറിയിച്ചു. ഇതിന് മറുപടിയായി വെങ്കിട്ടരമണി ഇപ്പോള്‍ ആരെയും തൂക്കിക്കൊല്ലാൻ പോകുന്നില്ലെന്നും അത് ഓര്‍ത്ത് ആരും വ്യാകുലപ്പെടണ്ടെന്നും പറഞ്ഞു. നിയമം പുനപരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിട്ടുള്ളതാണെന്നും ഋഷി മൽഹോത്ര ചൂണ്ടിക്കാട്ടി. എന്നാല്‍ വിഷയത്തില്‍ സര്‍ക്കാര്‍ എന്തെങ്കിലും നടപടിക്രമങ്ങള്‍ സ്വീകരിച്ചു തുടങ്ങിയതായി വ്യക്തയില്ലെന്നും പൂര്‍ണ വിവരങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ സമയം ആവശ്യമാണെന്നും വെങ്കടരമണി ബെഞ്ചിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ആവശ്യം പരിഗണിച്ച ബെഞ്ച് വാദം കേള്‍ക്കാൻ മാറ്റിവയ്ക്കുകയായിരുന്നു.

