Site icon Janayugom Online

മദ്യപാനം മൂലമുള്ള മരണം; ചൈനയെ കടത്തിവെട്ടി ഇന്ത്യ

Drunk

ലോകത്ത് മദ്യപാനം മൂലമുള്ള മരണനിരക്കില്‍ ചൈനയെ കടത്തിവെട്ടി ഇന്ത്യ. പ്രതിവര്‍ഷം മദ്യപാനത്തെത്തുടര്‍ന്ന് ചൈനയില്‍ മരിക്കുന്നവരുടെ എണ്ണത്തിന്റെ ഇരട്ടിയലധികമാണ് ഇന്ത്യയിലേതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഇന്ത്യയില്‍ ഒരു ലക്ഷം മരണത്തില്‍ 38.5 ശതമാനം (ആണ്‍-പെണ്‍) മദ്യപാനത്തെത്തുടര്‍ന്നാണ്. ചൈനയില്‍ ഇതിന്റെ നിരക്ക് 16.1 ആണ്. മദ്യപിക്കുന്ന പുരുഷന്‍മാരുടെ മരണനിരക്ക് ഇന്ത്യയില്‍ 63.0 ആയിരിക്കുമ്പോള്‍ ചൈനയില്‍ 29.6. സ്ത്രീകളുടെ ശതമാനം ഇന്ത്യയില്‍ 13.5 ഉം ചൈനയില്‍ 3.3 ഉം ആണ്. 

ലോകത്ത് പ്രതിവര്‍ഷം 26 ലക്ഷം പേര്‍ മദ്യപാനം മൂലം മരിക്കുന്നുവെന്നാണ് കണക്കുകള്‍. ആഗോളതലത്തില്‍ സ്ഥിരം മദ്യപാനികളുടെ 31 ശതമാനവും ഇന്ത്യയിലാണ്. ആകെ ജനസംഖ്യയില്‍ 40.9 ശതമാനം പുരുഷന്‍മാരാണ്. സ്ത്രീകളുടെ നിരക്ക് 20.8.
വ്യക്തിഗത ആരോഗ്യശോഷണം, ഗുരുതര രോഗങ്ങള്‍, മാനസിക ആരോഗ്യനിലയിലെ തകരാര്‍ എന്നിവയാണ് മദ്യത്തിന്റെ ഗുരുതര പ്രത്യാഘാതങ്ങള്‍. മദ്യപാനം സമൂഹത്തിനും കടുംബത്തിനും ബാധ്യതയായി മാറിക്കഴിഞ്ഞു. അപകടം, അക്രമം, പരിക്ക് എന്നിവയും മദ്യപാനത്തിന്റെ മറ്റ് പാര്‍ശ്വഫലങ്ങളാണെന്ന് ലോകാരോഗ്യസംഘടന തലവന്‍ ടെഡ്രോസ് അഥാനോം ഗബ്രിയേയിസ് പറഞ്ഞു.

ഇന്ത്യയില്‍ 15 വയസ് മുതലുള്ള കൗമാരക്കാരുടെ ഇടയില്‍ മദ്യാസക്തി ഏറി വരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 19 വയസ് വരെയുള്ള കൗമാരക്കാരുടെ ഇടയിലാണ് വര്‍ധിച്ച് വരുന്നത്. കൗമാരക്കാരുടെയിടയില്‍ 7.1 ശതമാനവും മദ്യപാന ശീലമുള്ളവരാണ്. പെണ്‍കുട്ടികളുടെ ശതമാനം 5.2 ആണ്. 2019ലെ കണക്കനുസരിച്ച് ആളോഹരി മദ്യ ഉപഭോഗം 4.19 ലിറ്റര്‍ ആണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2023ല്‍ ഇതിന്റെ തോത് 6.7 ലിറ്ററാകും. ആഗോളതലത്തില്‍ ഇത് 5.5 ലിറ്ററും, യൂറോപ്യന്‍ മേഖലയില്‍ ഇത് 9.2, അമേരിക്കന്‍ മേഖലയില്‍ 7.5 ലിറ്ററാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
15 മുതല്‍ 19 വരെയുള്ള കൗമാരക്കാരുടെയിടയില്‍ മദ്യപാനം വര്‍ധിച്ചതാണ് മരണനിരക്ക് ഉയരാന്‍ കാരണമെന്നും ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Eng­lish Sum­ma­ry: Death due to alco­holism; India over­takes China
You may also like this video

Exit mobile version