Site iconSite icon Janayugom Online

13 വയസ്സുകാരിയുടെ മരണം; ചോക്ലേറ്റ് മോഷ്ടിച്ചതിന്‍റെ പേരില്‍ കൊലപ്പെടുത്തിയതെന്ന് ആരോപണം

വടക്കുകിഴക്കൻ പാകിസ്ഥാനിൽ വീട്ടുജോലിക്കാരിയായി ജോലി ചെയ്തിരുന്ന 13 വയസ്സുള്ള പെൺകുട്ടിയെ ചോക്ലേറ്റ് മോഷ്ടിച്ചുവെന്നാരോപിച്ച് കൊലപ്പെടുത്തി. കേസിൽ ദമ്പതികളെ കസ്റ്റഡിയിലെടുത്ത് പോലീസ്. ഇഖ്റ എന്ന പെൺകുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച ഒന്നിലധികം പരിക്കുകളോടെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രാഥമിക പൊലീസ് അന്വേഷണത്തിൽ മര്‍ദ്ദനത്തിന് ഇരയായതായി കണ്ടെത്തി. റാവൽപിണ്ടിയിലാണ് സംഭവം. കേസ് രാജ്യ വ്യാപക പ്രതിഷേധത്തിന് കാരണമായി. 

എട്ട് വയസ്സ് മുതൽ ഇഖ്റ ഒരു വീട്ടുജോലിക്കാരിയായി ജോലി ചെയ്യാൻ തുടങ്ങിയതാണ്. 45 വയസ്സുള്ള ഒരു കർഷകനാണ് കുട്ടിയുടെ പിതാവ്. കടബാധ്യത കാരണമാണ് കുട്ടിയെ ജോലിക്ക് അയച്ചത്. രണ്ട് വർഷം മുമ്പാണ് ഇഖ്റ എട്ട് കുട്ടികളുള്ള ദമ്പതികളുടെ വീട്ടില്‍ ജോലിക്ക് പോയിതുടങ്ങിയത്. തൊഴിലുടമയുടെ വീട്ടില്‍ നിന്ന് ചോക്ലേറ്റുകൾ മോഷ്ടിച്ചതായി ഇഖ്റയ്‌ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു, പ്രാഥമിക അന്വേഷണത്തിൽ കുട്ടി മര്‍ദ്ദനത്തിന്
ഇരയായിട്ടുണ്ടെന്ന് തെളിഞ്ഞു. പ്രതികളായ റാഷിദ് ഷഫീഖ്, ഭാര്യ സന എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

Exit mobile version