കണ്ണൂർ എഡിഎം ആയിരുന്ന കെ നവീൻബാബുവിന്റെ മരണത്തിൽ ഡിഐജി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഉടൻ കുറ്റപത്രം സമർപ്പിക്കും. ഇതിനു മുന്നോടിയായി അന്വേഷണ സംഘം ഉടൻ യോഗം ചേരും. യോഗം അംഗീകാരം നൽകുന്നതോടെ കണ്ണൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും.
കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നവീൻബാബുവിന്റെ ഭാര്യ കെ മഞ്ജുഷ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കുറ്റപത്രം നൽകുന്ന നടപടികൾ മന്ദഗതിയിലായത്. ഹൈകോടതി സിംഗിൾ ബെഞ്ചിനു പിന്നാലെ ഡിവിഷൻ ബെഞ്ചും സിബിഐ അന്വേഷണ ആവശ്യം തള്ളിയിരുന്നു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മുമ്പാകെ സമർപ്പിച്ച കേസ് ഡയറി തിരികെ ലഭിച്ചതോടെയാണ് കുറ്റപത്രം തയാറാക്കുന്ന നടപടികൾ പുനരാരംഭിച്ചത്.