Site iconSite icon Janayugom Online

ആലപ്പുഴ മെഡിക്കൽ വിദ്യാർത്ഥികളുടെ മരണം: അപകട കാരണം കനത്ത മഴയിൽ ഡ്രൈവറുടെ കാഴ്ച മങ്ങിയതെന്ന് നിഗമനം

കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികൾ മരിച്ച ദാരുണ അപകടത്തിന് കാരണമായത് കനത്ത മഴയിൽ ഡ്രൈവറുടെ കാഴ്ച മങ്ങിയതെന്ന് നിഗമനം. ഓവർടേക്ക് ചെയ്യുന്ന സമയത്താണ് അപകടമുണ്ടായത്. കനത്ത മഴയിൽ ഡ്രൈവറുടെ കാഴ്ച മങ്ങിയതാണ് അപകട കാരണമെന്ന് എംവിഡി ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും നിഗമനം. കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിലേക്ക് കാർ വന്ന് ഇടിച്ചാണ് അപകടമുണ്ടായത്. കനത്ത മഴയ്ക്കിടെ ഇന്നലെ രാത്രി 9.20ന് ആയിരുന്നു അപകടം. ഗുരുവായൂരിൽ നിന്നു കായംകുളത്തേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ആലപ്പുഴ ഭാഗത്തേക്കു പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.

കാർ നിയന്ത്രണംവിട്ട് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്നു ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ കാർ പൂർണമായും തകർന്നു. 3 പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. കാർ വെട്ടിപ്പൊളിച്ചാണു വിദ്യാര്‍ത്ഥികളെ പുറത്തെടുത്തത്. വണ്ടാനത്തെ ഗവ.മെഡിക്കൽ കോളജ് ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാര്‍ത്ഥികൾ രാത്രി സിനിമ കാണാനായി ആലപ്പുഴ നഗരത്തിലേക്കു പോകുമ്പോഴായിരുന്നു അപകടമെന്നു സഹപാഠികൾ പറഞ്ഞു. ആലപ്പുഴ വളഞ്ഞവഴി സ്വദേശി ഷാമിൽഖാന്റെ ഉടമസ്ഥതയിലുള്ള ടവേര കാർ വാടകയ്ക്കെടുത്തായിരുന്നു യാത്ര. കനത്ത മഴയിൽ കാഴ്ച അവ്യക്തമായതും റോഡിൽ വാഹനം തെന്നിയതുമാകാം അപകടത്തിനു കാരണമെന്നു കരുതുന്നതായി ആർടിഒ എ കെ ദിലു പറഞ്ഞു.

ആലപ്പുഴ ഗവ.മെഡിക്കൽ കോളജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാര്‍ത്ഥികളായ മലപ്പുറം കോട്ടയ്ക്കൽ ശ്രീവർഷത്തിൽ ദേവനന്ദൻ (19) , പാലക്കാട് ശേഖരീപുരം ശ്രീവിഹാറിൽ ശ്രീദേവ് വൽസൻ (19), കോട്ടയം ചേന്നാട് കരിങ്കുഴിക്കൽ ആയുഷ് ഷാജി (19), ലക്ഷദ്വീപ് ആന്ത്രോത്ത് പക്രിച്ചിയപ്പുര പി.പി.മുഹമ്മദ് ഇബ്രാഹിം (19), കണ്ണൂർ വെങ്ങര പാണ്ട്യാല വീട്ടിൽ മുഹമ്മദ് അബ്ദുൽ ജബ്ബാർ (19) എന്നിവരാണു മരിച്ചത്.നാലുപേരുടെ പേരുടെ നില ഗുരുതരമാണ്. കാറിലുണ്ടായിരുന്ന 11 പേരും ആലപ്പുഴ ഗവ.മെഡിക്കൽ കോളജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാര്‍ത്ഥികള‍ാണ്. ചേർത്തല മണപ്പുറം മണപ്പുറത്ത് വീട്ടിൽ കൃഷ്ണദേവ്, കൊല്ലം ചവറ വെളിത്തേടത്ത് മക്കത്തിൽ മുഹസിൻ മുഹമ്മദ്, കൊല്ലം പോരുവഴി മുതുപ്പിലാക്കൽ കാർത്തികയിൽ ആനന്ദ് മനു, എറണാകുളം കണ്ണൻകുളങ്ങര പാണ്ടിപ്പറമ്പ് ലക്ഷ്മി ഭവനിൽ ഗൗരി ശങ്കർ, എടത്വ സ്വദേശി ആൽവിൻ ജോർജ്, തിരുവനന്തപുരം മരിയനാട് ഷെയ്ൻ ഡെൻസ്റ്റൻ എന്നിവർക്കാണു പരുക്കേറ്റത്. എല്ലാവരും ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. 15 ബസ് യാത്രക്കാർക്കും പരുക്കേറ്റു. മരിച്ച അഞ്ച് മെഡിക്കൽ വിദ്യാർത്ഥികളുടെയും പോസ്റ്റ്‌ മോർട്ടം ഇന്ന് രാവിലെ 9 മണിക്ക് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടക്കും. മെഡിക്കൽ കോളജിലെ പൊതുദർശനത്തിന് ശേഷമാകും മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുക.

Exit mobile version