Site iconSite icon Janayugom Online

കോവിഡ് ഡോക്ടര്‍മാരുടെ മരണം; കുടുംബ നഷ്ടപരിഹാര രേഖകള്‍ കൈവശമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

കോവിഡ് കാലത്ത് രോഗം ബാധിച്ച് മരിച്ച ഡോക്ടര്‍മാരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയതിന്റെ വിവരം കൈവശമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആദ്യഘട്ടത്തിലും രണ്ടാം തരംഗത്തിലും കോവിഡ് ബാധിച്ച് മരിച്ച ഡോക്ടര്‍മാരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയതിന്റെ രേഖകള്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) കേന്ദ്ര സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ യാതൊരു രേഖയും കൈവശമില്ലെന്നാണ് ആരോഗ്യ മന്ത്രാലയം നല്‍കുന്ന മറുപടി. പ്രധാന മന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ് (പിഎംജികെപി) അനുസരിച്ച് എത്ര ഡോക്ടര്‍മാരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയെന്ന വിവരമാണ് വിവരാവകാശ പ്രവര്‍ത്തകനായ കെ വി ബാബു ആരാഞ്ഞത്. 2020 മാര്‍ച്ച് 20 മുതലുള്ള വിവരമാണ് ആവശ്യപ്പെട്ടത്. 2023ല്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയില്‍ 475 പേര്‍ക്ക് അതായത് 29 ശതമാനം കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയെന്ന് ആരോഗ്യ മന്ത്രാലയം മറുപടി നല്‍കിയിരുന്നു. എന്നാല്‍ ഏറ്റവും പുതിയ അപേക്ഷയിലാണ് നഷ്ടപരിഹാരം സംബന്ധിച്ച യാതൊരു രേഖയും കൈവശമില്ലെന്ന് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. 

ആദ്യ രണ്ട് കോവിഡ് തരംഗങ്ങളിലായി രാജ്യത്ത് 1,600 ഡോക്ടര്‍മാര്‍ ആരോഗ്യശുശ്രൂഷയ്ക്കിടെ രോഗം ബാധിച്ച് മരിച്ചതായി ഐഎംഎ ആരോഗ്യ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കോവിഡിനെതിരെ പോരാടി മരണം വരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്യുമെന്ന് മോഡി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ കേവലം 475 പേരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയെന്ന വാദം ഒഴിച്ചാല്‍ ബാക്കിയുള്ളവരുടെ യാതൊരു വിവരവും ലഭ്യമല്ല എന്ന ആരോഗ്യ മന്ത്രാലയത്തിന്റെ വാദം വിവരാവകശ നിയമത്തെ വെല്ലുവിളിക്കുന്നതാണെന്നും കെ വി ബാബു പ്രതികരിച്ചു. ഇത് ആദ്യമായല്ല ആരോഗ്യ മന്ത്രാലയം വിവരാവകാശ അപേക്ഷകളില്‍ കൈമലര്‍ത്തുന്നത്.
കോവിഡ് കാലത്ത് മരണടഞ്ഞ ആരോഗ്യ പ്രവര്‍ത്തകരുടെ കണക്ക് സംബന്ധിച്ച് രാജ്യസഭയില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിനും രേഖകള്‍ കൈവശമില്ലെന്ന മറുപടി മന്ത്രാലയം നല്‍കിയിരുന്നു.

Exit mobile version