Site iconSite icon Janayugom Online

ഹോളിവുഡ് സംവിധായകന്‍ റോബ് റെയ്‌നറുടെയും ഭാര്യയുടെയും മരണം; മകന്‍ അറസ്റ്റില്‍

ഹോളിവുഡ് സംവിധായകനും നടനുമായ റോബ് റെയ്‌നറെയും ഭാര്യ മിഷേലിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകൻ നിക്ക് റെയ്‌നർ അറസ്റ്റിൽ. നിക്കാണ് ഇരുവരെയും കുത്തിക്കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ലോസ് ആഞ്ചൽസ് നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള സെലിബ്രിറ്റികൾ താമസിക്കുന്ന ബ്രെന്റ്‌വുഡ് പരിസരത്തുള്ള വീട്ടിലാണ് ഇന്നലെ റോബ് റെയ്‌നറെയും ഫോട്ടോഗ്രാഫറായ മിഷേലിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും ശരീരത്തിൽ കത്തികൊണ്ടുള്ള മുറിവുകൾ ഉണ്ടായിരുന്നു. സമീപവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മരിച്ചത് പ്രശസ്ത സംവിധായകനും ഭാര്യയുമാണെന്ന് വ്യക്തമായത്.

വിശദമായ അന്വേഷണത്തിലാണ് സംശയം റോബ്-മിഷേൽ ദമ്പതികളുടെ ഇളയ മകനായ നിക്കിലേക്ക് നീങ്ങിയതും ഇയാളെ അറസ്റ്റ് ചെയ്തതും. ഇവർക്ക് രണ്ട് മക്കൾ കൂടിയുണ്ട്. റോബ് റെയ്‌നറെ ഹോളിവുഡിലെ മികച്ച സംവിധായകരിൽ ഒരാളായാണ് കണക്കാക്കുന്നത്. ‘ദിസ് ഈസ് സ്പൈനൽ ടാപ്പ്’, ‘എ ഫ്യൂ ഗുഡ് മെൻ’, ‘വെൻ ഹാരി മെറ്റ് സാലി’, ‘ദി പ്രിൻസസ് ബ്രൈഡ്’ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ 1980–90 കളിൽ അദ്ദേഹം സംവിധാനം ചെയ്തു. കോമഡി ഇതിഹാസം കാൾ റെയ്‌നറുടെ മകനായ റോബ്, 1970 കളിൽ നടനായും തിളങ്ങുകയും രണ്ട് എമ്മി അവാർഡുകൾ നേടുകയും ചെയ്തിട്ടുണ്ട്.

Exit mobile version