Site icon Janayugom Online

കാസര്‍കോട് അഞ്ജുശ്രീയുടെ മരണം; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ശനിയാഴ്ച മരിച്ച കാസര്‍കോട്ടെ അഞ്ജുശ്രീയുടെ മരണം ആത്മഹത്യയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. മൊബൈല്‍ ഫോണ്‍ വിവരങ്ങളും ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു. നേരത്തെ ഭക്ഷ്യവിഷബാധയേറ്റാണ് കുട്ടി മരിച്ചതെന്നായിരുന്നു നിഗമനം. 

പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറാണ് ഭക്ഷ്യവിഷബാധയല്ലെന്നും വിഷം ഉള്ളില്‍ ചെന്ന് മരിച്ചതിന്റെ ലക്ഷണങ്ങളാണ് ശരീരത്തിലുള്ളതെന്നും ആദ്യസൂചന നല്‍കിയത്. ഇതനുസരിച്ച്‌ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരണം ആത്മഹത്യയിലേക്കെത്തിയത്. അഞ്ജുശ്രീയുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ചതോടെ ആത്മഹത്യയുടെ വിവരങ്ങള്‍ ലഭിക്കുകയായിരുന്നു. 

കരള്‍ ഉള്‍പ്പെടെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതാണ് മരണത്തിന് കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പേസ്റ്റ് രൂപത്തിലുള്ള എലിവിഷത്തിന്റെ ലക്ഷണമാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. പൊലീസ് നടത്തിയ പരിശോധനയില്‍ എലിവിഷത്തെക്കുറിച്ച്‌ അഞ്ജുശ്രീയുടെ മൊബൈലില്‍ സെര്‍ച്ച്‌ ചെയ്തതിന്റെ വിവരങ്ങളും ഒരു കുറിപ്പും കണ്ടെത്തി.

ഇതിനിടെ അഞ്ജുശ്രീയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യവുമായി കുടുംബവും രംഗത്തുവന്നു. ഭക്ഷണം കഴിച്ച ശേഷം അഞ്ജു ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടുവെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു. ബുദ്ധിമുട്ട് അനുഭവപ്പെട്ട രണ്ടുപേര്‍ ചികിത്സ നേടി. അഞ്ജുവിന്റെ മരണകാരണം ഭക്ഷ്യ വിഷബാധ അല്ലെങ്കില്‍ മരണത്തിന് മറ്റ് കാരണങ്ങള്‍ എന്താണെന്ന് കണ്ടെത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

പെരുമ്പള ബേനൂര്‍ ശ്രീനിലയത്തില്‍ പരേതനായ എ കുമാരന്‍ നായരുടെയും കെ അംബികയുടെയും മകളായ അഞ്ജുശ്രീ (19) മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ 5.15 നാണ് മരിച്ചത്. ഡിസംബര്‍ 31ന് ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തുവരുത്തിയ ഭക്ഷണം കഴിച്ചശേഷമായിരുന്നു മരണമെന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സംഭവത്തില്‍ ഹോട്ടല്‍ ഉടമയെയും രണ്ട് ജീവനക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പെണ്‍കുട്ടിയുടെ മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്ന് തിരിച്ചറിഞ്ഞതോടെ ഇവരെ വിട്ടയച്ചു. ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാവിഭാഗവും ഹോട്ടല്‍ അടപ്പിച്ച്‌ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. 

Eng­lish Sum­ma­ry: Death of Kasaragod Anjushree; The pre­lim­i­nary con­clu­sion is suicide

You may also like this video

Exit mobile version