ആലപ്പുഴ കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരി മരിച്ചതിൽ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. കായംകുളം എബ്നൈസർ ആശുപത്രിക്കെതിരെയാണ് പ്രതിഷേധം. പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അജിത്- ശരണ്യ ദമ്പതികളുടെ മകൾ ആദിലക്ഷ്മിയാണ്(9) മരിച്ചത്. കായംകുളം ഗവൺമെൻറ് എൽ പി സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ആദിലക്ഷ്മി.
കഴിഞ്ഞ 10-ാം തീയതി ആണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനി മുർച്ഛിച്ചതോടെ ഇന്ന് രാവിലെ ഐസിയുവിലേക്ക് മാറ്റുകയും പിന്നീട് മരിക്കുകയുമായിരുന്നു. കുഞ്ഞിന് പനി ഗുരുതരാവസ്ഥയിലായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചില്ലെന്ന് കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ ആശുപത്രി അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

