പട്ടണക്കാട് പഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതി ഗുണഭോക്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും മോശമായ പെരുമാറ്റം ഉണ്ടായതായി പൊലീസിനു സൂചന ലഭിച്ചു. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് മേനാശ്ശേരി ചൂപ്രത്ത് സിദ്ധാർത്ഥനാ(74)ണ് കഴിഞ്ഞ ദിവസം വീട്ടിലെ താല്ക്കാലിക ഷെഡിൽ തൂങ്ങിമരിച്ചത്.
ലൈഫ് ഭവനപദ്ധതിയുമായി ബന്ധപെട്ട് രണ്ട് ഉദ്യോഗസ്ഥരുടെ മാനസിക പീഢനത്തെ തുടർന്നാണ് അത്മഹത്യയെന്നു കാട്ടി ഭാര്യ ജഗദമ്മ പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ പൊലീസ് കണ്ടെടുത്ത ആത്മഹത്യാകുറിപ്പിലും ഉദ്യോഗസ്ഥരുടെ നിലപാട് മനോവേദനയുണ്ടാക്കിയതായി സൂചനയുണ്ടായിരുന്നു. ആരോപണ വിധേയരായ വിഇഒ മാരെ ചൊവ്വാഴ്ച സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തതിരുന്നു. ഇരുവരെയും ഒറ്റയ്ക്കും ഒന്നിച്ചിരുത്തിയുമായിരുന്നു ചോദ്യം ചെയ്യൽ. ലൈഫ് പദ്ധതിയുടെ രേഖകൾ പരിശോധിച്ചായിരുന്നു നടപടി. പദ്ധതിക്ക് കാലതാമസമുണ്ടാക്കുന്ന നടപടികളൊന്നും കണ്ടെത്താനായിട്ടില്ലെന്നാണ് സൂചന.
എന്നാൽ പഞ്ചായത്തുമായി കരാറിലേർപെടുകയും നിർമാണം തുടങ്ങാൻ തയ്യാറാണെന്നറിയിച്ചിട്ടും അനുമതി നൽകാതിരുന്നതിൽ വ്യക്തതയുണ്ടായിട്ടില്ല. ഓണത്തിനു തൊട്ടു മുമ്പായി ഉദ്യോഗസ്ഥർക്കു മുന്നിലെത്തിയ സിദ്ധാർത്ഥനും ഭാര്യക്കും നേരേ മോശമായി ഉദ്യോഗസ്ഥർ പെരുമാറിയതായാണ് സൂചന ലഭിച്ചിരിക്കുന്നത്. മരിച്ച സിദ്ധാർത്ഥന്റെ ഭാര്യ നൽകിയ പരാതിയിലും ഇക്കാര്യം പറഞ്ഞിരുന്നു. മോശം പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്താനാകുമോ എന്നകാര്യത്തിൽ പൊലീസ് നിയമോപദേശം തേടിയേക്കും.
ചൊവ്വാഴ്ച വൈകിട്ടുവരെ പൊലീസ് ഇവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. പരാതിക്കാരിയിൽ നിന്നും സിദ്ധാർത്ഥന്റെ വീടിനു സമീപത്തുള്ളവരിൽ നിന്നും പൊലീസ് ചൊവ്വാഴ്ച മൊഴിയെടുത്തു. രേഖകളും മൊഴികളും പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് പട്ടണക്കാട് പൊലീസ് പറഞ്ഞു. പട്ടണക്കാട് സ്റ്റേഷൻ ഓഫീസർ കെ എസ് ജയന്റെ നേതൃത്വത്തിലാണ് അന്വേഷണം.