കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ, ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാനധ്യാപികക്ക് സസ്‌പെൻഷൻ. എഫ് സുജയെയാണ് സസ്‌പെൻഡ് ചെയ്‌തത്. മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സ്‌കൂൾ മാനേജ്‌മെന്റാണ് നടപടിയെടുത്തത്. സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്‌ടർ എസ് ഷാനവാസ് മന്ത്രിക്ക് വിശദ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. റിപ്പോർട്ടിലെ ശുപാർശയുടെ അടിസ്ഥാനത്തിൽ സ്‌കൂൾ മാനേജ്‌മെന്റിനും കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നോട്ടീസിന് മാനേജ്‌മെന്റ് മൂന്നു ദിവസത്തിനുള്ളിൽ മറുപടി രേഖാമൂലം നൽകണം. സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വിശദമായ റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടി. കെഇആർ അധ്യായം മൂന്ന് റൂൾ ഏഴ് പ്രകാരം മാനേജ്‌മെന്റിനെതിരെ നടപടി എടുക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് അധികാരമുണ്ടെന്നും മന്ത്രി പറഞ്ഞു. ആവശ്യമെങ്കില്‍ സ്കൂള്‍ തന്നെ സര്‍ക്കാരിന് ഏറ്റെടുക്കാം. വീഴ്ച ഉണ്ടെന്നു കണ്ടാല്‍ നോട്ടീസ് നല്‍കി പുതിയ മാനേജരെ നിയമിക്കാനും അധികാരമുണ്ട്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചെങ്കില്‍ സ്കൂളിന്റെ അംഗീകാരം തിരിച്ചെടുക്കാന്‍ കഴിയുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സംഭവം നടപ്പോള്‍ സ്‌കൂളിന്റെ ചുമതല ഉണ്ടായിരുന്ന എഇഒ യിൽ നിന്നും ഉടൻ വിശദീകരണം തേടും. സ്‌കൂൾ തുറന്ന സമയത്ത് കൊല്ലത്തെ ഡിഇഒ പെൻഷനായതിനാല്‍ കൊല്ലം എഇഒ ആന്റണി പീറ്ററിനായിരുന്നു ഡിഇഒയുടെ അധിക ചുമതല നൽകിയിരുന്നത്. ആന്റണി പീറ്ററില്‍ നിന്നാണ് വിശദീകരണം തേടുക. മാനേജ്‌മെന്റ് കുട്ടിയുടെ കുടുംബത്തിന് ആവശ്യമായ ധനസഹായം നൽകണം. പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് മുഖേന മിഥുന്റെ കുടുംബത്തിന് മികച്ച വീട് വെച്ച് നൽകും. മിഥുന്റെ സഹോദരന് പന്ത്രണ്ടാം ക്ലാസ് വരെ പരീക്ഷാ ഫീസ് അടക്കമുള്ള കാര്യങ്ങൾ ഒഴിവാക്കി വിദ്യാഭ്യാസം നൽകും. ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കാര്യാലയത്തിൽ നിന്നും പ്രത്യേക ഉത്തരവ് ഇറക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പി ഡി അക്കൗണ്ടിൽ നിന്നും മിഥുന്റെ കുടുംബത്തിന് അടിയന്തരമായി മൂന്ന് ലക്ഷം രൂപയുടെ ധനസഹായം നൽകും. മുഖ്യമന്ത്രി ഡല്‍ഹിയില്‍ നിന്നും മടങ്ങിയെത്തിയിട്ട് കൂടുതല്‍ ധനസഹായം പ്രഖ്യാപിക്കും. സ്‌കൂളിൽ പിടിഎ പുനഃസംഘടിപ്പിക്കണം. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഇക്കാര്യത്തിലുള്ള നിലപാട് പരിശോധിക്കാൻ വേണ്ടി തദ്ദേശസ്വയംഭരണ മന്ത്രിയെ അറിയിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
മരിച്ച മിഥുന്റെ സുഹൃത്തുക്കള്‍ക്ക് കൗണ്‍സിലിങ് ആവശ്യമെങ്കില്‍ അതു നല്‍കുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ വാസുകി പറഞ്ഞു. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മെയ് 13 ന് സ്കൂളുകള്‍ക്ക് സര്‍ക്കുലര്‍ നല്‍കിയതിനു പുറമെ ഈ മാസം ഏഴിന് മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരുടെ യോഗത്തില്‍ സുരക്ഷാ ഓഡിറ്റ് നടത്താന്‍ നേരിട്ട് നിര്‍ദേശം നല്‍കിയിരുന്നതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് പറഞ്ഞു. സ്കൂളുകള്‍ കേന്ദ്രീകരിച്ച് സുരക്ഷാ പ്രശ്നങ്ങള്‍ പരിഹരിക്കാനും എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മെയില്‍ വഴി അറിയിപ്പ് നല്‍കാനും നിര്‍ദേശിച്ചിരുന്നു. വാട്ടര്‍ അതോറിറ്റി, കെഎസ്ഇബി, പിഡബ്ല്യുഡി, ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്കൂളുകളില്‍ മീറ്റിങ്ങുകളും നടന്നിരുന്നു. എന്നാല്‍ തേവലക്കര സ്കൂളില്‍ ഇങ്ങനെ യോഗം ചേര്‍ന്നതായി മിനിറ്റ് രേഖകളില്‍ കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ഹയര്‍സെക്കന്‍ഡറിയുടെ എന്‍എസ്എസ് വിഭാഗത്തിന് എട്ട് സ്കൂള്‍ അടങ്ങുന്ന ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ സുരക്ഷാ ഓഡിറ്റ് നടത്താന്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഷാനവാസ് പറഞ്ഞു.

