Site iconSite icon Janayugom Online

ബാലികയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ ;ശിക്ഷാവിധി 21 ദിവസത്തിനുള്ളില്‍

രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്നയാള്‍ക്ക് വധശിക്ഷ വിധിച്ച് പോക്സോ കോടതി. കുറ്റപത്രം സമര്‍പ്പിച്ച് 21 ദിവസത്തെ റെക്കോഡ് സമയത്തിനുള്ളിലാണ് ശിക്ഷാവിധി പുറപ്പെടുവിച്ചതെന്നതും

ശ്രദ്ധേയമാണ്. സൂറത്തിലെ പ്രത്യേക പോക്സോ കോടതിയാണ് കുടിയേറ്റത്തൊഴിലാളിയായ ഗുഡ്ഡു യാദവ് എന്ന 35കാരന് വധശിക്ഷ നല്‍കാന്‍ ഉത്തരവിട്ടത്. തിങ്കളാഴ്ചയാണ് ഇയാള്‍ കുറ്റക്കാരനെന്ന് പ്രഖ്യാപിച്ചത്.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് എന്ന് നിരീക്ഷിച്ചായിരുന്നു പോക്സോ കോടതി ജഡ്ജി പി എസ് കലയുടെ വിധി പ്രസ്താവം. 20 ലക്ഷം രൂപ കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു.

ബിഹാറില്‍ നിന്നുള്ള കുടിയേറ്റത്തൊഴിലാളി കുടുംബാംഗമായ രണ്ടര വയസുകാരി നവംബര്‍ നാലിനാണ് തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാവുകയും കൊല്ലപ്പെടുകയും ചെയ്തത്. പണ്ടേസരയില്‍ വച്ചായിരുന്നു സംഭവം. ഒരു കിലോമീറ്റര്‍ അകലെ ഒരു ഫാക്ടറി പരിസരത്ത് നവംബര്‍ ഏഴിനായിരുന്നു കാണാതായ ബാലികയുടെ മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളും പ്രദേശവാസികളില്‍ നിന്നുള്ള മൊഴികളും ശേഖരിച്ച പൊലീസ് പ്രതിയെ തിരിച്ചറിയുകയും നവംബര്‍ ഒമ്പതിന് ഗുഡ്ഡു യാദവ് അറസ്റ്റിലാകുകയുമായിരുന്നു. ഏഴ് ദിവസംകൊണ്ട് പണ്ടേസര പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. പ്രത്യേക കോടതി ഉടന്‍തന്നെ വിചാരണ നടപടികള്‍ ആരംഭിച്ചു. 43 സാക്ഷികളെയാണ് ഇരുഭാഗങ്ങളില്‍ നിന്നുമായി വിസ്തരിച്ചത്.

പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ഭാഗം അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ പ്രതിയുടെ കുട്ടികളുടെ ഭാവി പരിഗണിച്ച് വധശിക്ഷ നല്കരുതെന്നും മാനുഷിക പരിഗണന നല്കണമെന്നായിരുന്നു പ്രതിഭാഗം അഭിഭാഷന്റെ അഭ്യര്‍ത്ഥന. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരം പ്രതി ശിക്ഷാര്‍ഹനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

eng­lish sum­ma­ry; Death penal­ty for rape and mur­der of a girl

you may also like this video;

Exit mobile version