Site iconSite icon Janayugom Online

കോവിഡ് പോരാളികളുടെ മരണം: എണ്ണത്തില്‍ അവ്യക്തത

കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തിനിടെ മരണത്തിന് കീഴടങ്ങിയ ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ കണക്കില്‍ അവ്യക്തത.
മരണമടഞ്ഞ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുളള 974 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നഷ്ടപരിഹാരമായി 487 കോടി രൂപ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പ്രധാൻ മന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ്(പിഎംജികെപി) പദ്ധതിപ്രകാരം വിതരണം ചെയ്തതായി ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടി നല്‍കി. ഓരോ ആരോഗ്യപ്രവര്‍ത്തകര്‍ക്കും 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം കുടുംബത്തിന് ലഭിക്കും. 206 ഡോക്ടര്‍മാര്‍ക്ക് 103 കോടി രൂപയും നഴ്സുമാര്‍, കമ്മ്യൂണിറ്റി പ്രവര്‍‍ത്തകര്‍ എന്നിവര്‍ അടങ്ങുന്ന 768 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 384 കോടി രൂപയും നല്‍കിയതായി കമ്പനി അറിയിച്ചു.
കോവിഡ് 19 മൂലം മരണപ്പെട്ട ഡോക്ടർമാർക്ക് പദ്ധതി പ്രകാരം 222.5 കോടി രൂപവിതരണം ചെയ്തതായും 445 പേര്‍ക്ക് നഷ്ടപരിഹാരം നൽകിയതായും മറ്റൊരു വിവരാവകാശ ചോദ്യത്തിനുള്ള മറുപടിയിൽ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. 2020 മാർച്ച് മുതൽ മരണമടഞ്ഞ ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സംസ്ഥാനം തിരിച്ചുള്ള കണക്കുകളെക്കുറിച്ചുള്ള ചോദ്യത്തിന് പാർലമെന്റിൽ കേന്ദ്രമന്ത്രിമാര്‍ നൽകിയ ഉത്തരങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഈ കണക്കുകൾ. ഏകദേശം 1,800 ഡോക്ടർമാർ കോവിഡ് അണുബാധയ്ക്ക് കീഴടങ്ങിയെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ കണക്കുകള്‍. 

Eng­lish Sum­ma­ry: Deaths of Covid-19 fight­ers: Ambi­gu­i­ty in numbers

You may like this video also

Exit mobile version