വിസ നല്‍കാമെന്നു പറഞ്ഞു കബളിപ്പിച്ച സ്വകാര്യ സ്ഥാപനം ഒരു ലക്ഷത്തി അയ്യായിരം രൂപ നൽകണമെന്ന് പത്തനംതിട്ട കൺസ്യൂമർ കോടതിയുടെ വിധി. കോട്ടയം കോടിമതയിൽ പ്രവർത്തിക്കുന്ന ആംസ്‌ററർ ഓവർസീസ് ഇമിഗ്രേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെ എരുമേലി കാളകെട്ടി സ്വദേശി നല്‍കിയ പരാതിയിലാണ് വിധി. ആറുമാസത്തിനകം കാനഡയിൽ ജോലിയ്ക്ക് സ്ഥിരം കനേഡിയൻ വിസ തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞാണ് കമ്പനി കാളകെട്ടി ചെമ്മരപ്പള്ളിയിൽ ഡാൽമിയ ജോർജിൻ്റെ പക്കല്‍ നിന്നും 75,000 രൂപാ 2019 നവംബറിൽ വാങ്ങിയത്.
രൂപ വാങ്ങിയിട്ടും കാനഡയ്ക്ക് പോകാൻ വിസ ലഭിക്കാത്തതിനാൽ കൊടുത്ത രൂപ തിരിച്ചു കിട്ടണമെന്നും നഷ്ടപരിഹാരം ലഭിക്കണമെന്നും കാണിച്ചുള്ള ഹർജി ഉപഭോക്ത്യതർക്ക പരിഹാര കമ്മീഷൻ പത്തനംതിട്ടയിൽ നൽകുകയുണ്ടായി. തുടര്‍ന്ന് കമ്മീഷൻ ഇരുകൂട്ടർക്കും നോട്ടീസ് അയക്കുകയും ഇരുകൂട്ടരും തെളിവു കൾ ഹാജരാക്കുകയും ചെയ്‌തു. ഹർജികക്ഷി ഐ.ഇ.എല്‍.ടി.എസ് പരീക്ഷ പോലും എഴുതാതിരിക്കുകയും ആവശ്യമായ മാർക്കുപോലും വാങ്ങാത്ത ഉദ്യോഗാർത്ഥിയെ വഞ്ചിക്കണമെന്നുള്ള ഉദ്ദേശത്തോട് കൂടിയാണ് രൂപ വാങ്ങിയിരുന്നതെന്ന് കമ്മീഷൻ കണ്ടെത്തുകയുണ്ടായി. ഇത്തരത്തിൽ ഈ സ്ഥാപനത്തിനെതിരെ നിവധി കേസ്സുകൾ ഉണ്ടെന്നും കോടതി കണ്ടെത്തി.
തെളിവുകള്‍ പരിശോധിച്ച കമ്മീഷൻ എഴുപത്തിയയ്യായിരം രൂപ തിരികെ നൽകാനും, നഷ്ടപരിഹാരമായി ഇരുപത്തിയയ്യായിരം രൂപയും കോടതി ചിലവിനത്തിൽ അയ്യായിരം രൂപയും ചേർത്ത് ഒരു ലക്ഷത്തി അയ്യായിരം രൂപ സ്ഥാപനം ഡാല്‍മിയയ്ക്ക് നൽകാൻ വിധിയുണ്ടായി.ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രസിഡൻ്റ് ബേബിച്ചൻ വെച്ചൂച്ചിറ, മെമ്പർമാരായ എൻ. ഷാജിതാ ബീവി, നിഷാദ് തങ്കപ്പൻ എന്നിവർ ചേർന്നാണ് വിധി പ്രസ്താവിച്ചത്.
English Summary: Deceived by saying that they would issue Canadian visas: The institution was ordered to pay one hundred and five thousand
You may also like this video