Site iconSite icon Janayugom Online

ഗോതമ്പ് ശേഖരത്തില്‍ ഇടിവ്; ഏഴു വര്‍ഷത്തിനിടെ കുറഞ്ഞ ശേഖരം

രാജ്യത്തെ സർക്കാർ ഗോഡൗണുകളിലെ ഗോതമ്പ് ശേഖരത്തില്‍ വന്‍ ഇടിവ്. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ ഉണ്ടായ ഭീമമായ ഇടിവാണ് ഇപ്പോള്‍ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എഫ്സിഐ) നേരിടുന്നതെന്ന് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2017നു ശേഷമുള്ള ഏറ്റവും താഴ്ന്ന ശേഖരമാണ് ഇപ്പോഴുള്ളതെന്ന റിപ്പോർട്ട് പറയുന്നു.

അടുത്ത മൂന്നു മാസത്തിനിടെ ആവശ്യമുള്ള 108 ലക്ഷം ടണ്ണിന്റെയും അടിയന്തരഘട്ടത്തില്‍ വേണ്ടി വരുന്ന 30 ലക്ഷം ടണ്ണിന്റെ കുറവും പരിഗണിച്ചാല്‍ നിലവിമുള്ള ശേഖരം അപര്യാപ്തമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2024 ജനുവരി ഒന്നിന്റെ കണക്കനുസരിച്ച് എഫ്സിഐ ഗോഡൗണുകളില്‍ 163.5 ലക്ഷം ടണ്‍ ഗോതമ്പാണുള്ളത്. 2017 ല്‍ സംഭരിച്ച 137.5 ലക്ഷം ടണ്ണിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഗോതമ്പ് ശേഖരമാണിത്.

കഴിഞ്ഞ മാസം മുതല്‍ ദൃശ്യമായ ചില്ലറ വില്പനവിലയിലെ രൂക്ഷമായ കുതിച്ചുകയറ്റത്തിനിടയിലാണ് ശേഖരത്തിലും വന്‍ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭക്ഷ്യ വിലക്കയറ്റം 9.93 ശതമാനം യഉര്‍ന്നിരിക്കുന്നു. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ അരി-ഗോതമ്പ് ഉള്‍പ്പെടെയുള്ള ധാന്യ കയറ്റുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും സംഭരണത്തില്‍ കുറവുവന്നത് കേന്ദ്ര സര്‍ക്കാര്‍ നടപടികളുടെ ലക്ഷ്യം പാളിയെന്നതിന് ഉദാഹരണമാണ്. 1,000 ടണ്ണിലധികം ഗോതമ്പ് കൈവശം വയ്ക്കാന്‍ മൊത്ത വിതരണക്കാരെ അനുവദിച്ചിരുന്നില്ല. പൊതുവിപണിയില്‍ ധാന്യങ്ങള്‍ വില്‍ക്കാനുള്ള എഫ്സിഐ തീരുമാനവും കേന്ദ്രം റദ്ദാക്കിയിരുന്നു.

ഇത്തവണ 336.96 ലക്ഷം ഹെക്ടര്‍ പ്രദേശത്താണ് ഗോതമ്പ് കൃഷിയിറക്കിയിട്ടുള്ളതെന്ന് ഡല്‍ഹി ഇന്ത്യന്‍ അഗ്രികള്‍ച്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റായ രാജ്ബീര്‍ യാദവ് പറഞ്ഞു. മികച്ച കാലാവസ്ഥയും മഴയും ലഭിക്കുന്ന പക്ഷം ഉല്പാദനം വര്‍ധിക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രാജ്യത്ത് ഇപ്പോഴും തുടരുന്ന വിലക്കയറ്റം വരുംനാളുകളില്‍ രൂക്ഷമാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.

Eng­lish Summary:Decline in wheat stock
You may also like this video

Exit mobile version